ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന പ്രസ്താവന തിരുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിയുടെ പരാമർശത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയെ ഡോ. ഷിംന അസീസിന്റെ തിരുത്ത് സ്വീകരിക്കുന്നതായി ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നു എന്നാണ് ഉദ്യേശിച്ചതെന്നും ചെറിയ അണലികളെന്ന് പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്നും ചെന്നിത്തല കുറിച്ചു. ഷിംന അസീസിനെ തൂഫാന്‍ വാറിയറാകാനും മന്ത്രി ക്ഷണിച്ചു. ലഹരിക്കായി പാമ്പുകളെ ഉപയോഗിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് നല്‍കിയൊരു അഭിമുഖത്തിനിടെയാണ് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ കേരളത്തിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. ഇതിനെതിരെയാണ് ഷിംന അസീസ് കുറിപ്പിട്ടത്.
നാക്കിൽ അണലിയെ കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ലെന്നായിരുന്നു ഷിംന അസീസിന്‍റെ വാക്കുകള്‍. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ടെന്നും ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുതെന്നും ഷിംന കുറിച്ചിരുന്നു. പാമ്പിന്റെ കൊത്ത് ലഹരി തരില്ല. ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല എന്നും ഡോ.ഷിംന അസീസ് എഴുതി.