കയറുപൊട്ടിപ്പായുന്ന കാലിത്തീറ്റവിലയും കുളമ്പടിച്ചെത്തുന്ന രോഗങ്ങളും മൂലം കേരളത്തിലെ ക്ഷീരകര്‍ഷകര്‍ വലയുമ്പോള്‍ രോഗപ്രതിരോധ ശേഷിയുള്ള. കൂടുതല്‍ പാല്‍ തരുന്ന പശുക്കളെ കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ മാര്‍ഗമുണ്ടോ? പത്തുകന്നുകാലികള്‍ ജനിച്ചാല്‍ ഒന്‍പതെണ്ണവും പെണ്ണായി പാല്‍ ചുരത്തുമെന്നും ഉറപ്പാക്കാനാവുമോ? ജനിതക മേഖലയിലെ പുതിയ സാധ്യതകള്‍ വഴിവയ്ക്കുന്നത് ഇതിനാണ്.
കന്നുകാലി വളര്‍ത്തലില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയുന്നു. 2019-നും 2024-നും ഇടയിൽ മാത്രം കുറഞ്ഞത് 30% കന്നുകാലികളാണ്. പ്രതിദിനപാല്‍ ഉല്‍പാദനം 70 ലക്ഷം ലീറ്ററെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ഏട്ടിലെ പശുവാണെന്നാണ് പൊതുവേ വിലയിരുത്തല്‍. പാല്‍ ഉല്‍പാദനം ഒരു കോടി ലീറ്ററായി കൂട്ടുമെന്ന ബജറ്റിലെ പ്രതീക്ഷ യാഥാര്‍ഥ്യമാക്കാനുള്ള ഒരു മാര്‍ഗം ഇപ്പോള്‍ ജനിതക ഗവേഷണത്തിലൂടെ ലോകത്ത് പലയിടത്തും നടപ്പാക്കിക്കഴിഞ്ഞു. 'ലിംഗനിർണയം നടത്തിയ ബീജം' അഥവാ സെക്സ്-സോർട്ടഡ് സീമൻ ഉപയോഗിച്ച് പശുക്കളെ ജനിപ്പിച്ച് പാല്‍ ഉല്‍പാദനം കൂട്ടുകയാണ് മാര്‍ഗം. നൂറ് കന്നുകാലികൾ പിറന്നാൽ അതിൽ തൊണ്ണൂറ്റിമൂന്നും പശുക്കളാവും.
മണ്ണുത്തി വെറ്ററിനറി കോളജില്‍ പഠിച്ച ഡോ.പ്രകാശ് കന്നുകാലി ജനിതകശാസ്ത്രം, സെക്സ് സോര്‍ട്ടിങ് സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ രാജ്യാന്തര വിദഗ്ധനാണ്. അമേരിക്കയില്‍ 64 ശതമാനവും യുകെയില്‍ 84 ശതമാനവും പശുക്കള്‍ പിറക്കുന്നത് സെക്സ് സോര്‍ട്ടഡ് സീമന്‍ ഉപയോഗിച്ചാണ്. ഇന്ത്യയില്‍ തന്നെ അമുലും മഹാരാഷ്ട്രയിലെ ബെയിഫും ഈ രീതി നടപ്പാക്കിക്കഴിഞ്ഞു. കുറഞ്ഞ എണ്ണം പശുക്കളിലൂടെ ഗുണമേന്മയേറിയ, കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കാമെന്നതാണ് ഈ രീതിയുടെ ഗുണം.
ഏറ്റവും മികച്ച പശുക്കളെ തിരിച്ചറിയുന്നതിനെക്കുറിച്ചും ജനിതകശാസ്ത്രം എങ്ങനെ ഫാമിങ്ങിനെ സുസ്ഥിരമാക്കും, പാലിന്റെ ക്വാളിറ്റി കുറയില്ല എന്നതിനെക്കുറിച്ചും കൃത്യമായ ആസൂത്രണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിന് പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തമാകാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍ പ്രകാശ് കളരിക്കല്‍ പറയുന്നത്.