roji-m-john-interview-2026

TOPICS COVERED

കാമ്പസുകളിലെ വർഗീയവൽക്കരണത്തെ ശക്തമായി പ്രതിരോധിക്കുമെന്നും നവീകരണത്തിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കിക്കൊണ്ടും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്നും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വി. ഡി. സതീശൻ സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയിൽ മനോരമ ന്യൂസിന് നൽകിയ  അഭിമുഖത്തിലാണ് മന്ത്രി സർക്കാരിന്റെ നയങ്ങളും ഭാവിപദ്ധതികളും വ്യക്തമാക്കിയത്.

കേരളത്തിലെ വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം തടയുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച 'ഗ്ലോബൽ എജ്യുക്കേഷൻ വാലി', 'ഗ്ലോബൽ ജോബ് വാച്ച് ടവർ' തുടങ്ങിയ സ്വപ്ന പദ്ധതികൾ നിശ്ചിത സമയത്തിനകം യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർവകലാശാലകളിലെ കാവിവൽക്കരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, 'കാവി' എന്ന നിറത്തെയോ കാവി ധരിക്കുന്നവരെയോ വർഗീയവാദികളായി ചിത്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

"കാവി ധരിച്ചവരെല്ലാവരും വർഗീയവാദികൾ ആവണമെന്നില്ല. വിദ്യാഭ്യാസ മേഖലയിലെ 'വർഗീയവൽക്കരണത്തിന്' എതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതിൽ ചാൻസലറുടെ ഭാഗത്തുനിണ്ടായാലും കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ പ്രതിരോധം തുടരും. പ്രതിപക്ഷത്തിരുന്നപ്പോൾ ഞങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നു, ഭരണപക്ഷത്ത് എത്തുമ്പോഴും ഞങ്ങളുടെ നിലപാടിൽ മാറ്റമൊന്നുമില്ല." റോജി പറഞ്ഞു.

കഴിഞ്ഞ ദിവസം സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ നടപടിയെ മന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. വിസിമാർ രാഷ്ട്രീയ പരിപാടികളിൽ നിന്നോ പ്രത്യയശാസ്ത്ര ധ്രുവീകരണ ശ്രമങ്ങളിൽ നിന്നോ വിട്ടുനിൽക്കാനുള്ള വിവേകം കാണിക്കണമെന്നും സർവകലാശാലകളുടെ സ്വയംഭരണാധികാരവും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കാൻ അവർ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിസിമാരുടെ അധികാരങ്ങൾ സംബന്ധിച്ച് നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള നിലപാടുകൾ സർക്കാർ സ്വീകരിക്കും.

മുൻ സർക്കാരിന്റെ കാലത്ത് ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ അമിതമായി ഇടപെടുന്ന രീതിയാണ് കണ്ടതെന്നു പറഞ്ഞ മന്ത്രി, ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് തീരുമാനങ്ങൾ എടുക്കാൻ അധികാരമെന്ന് വ്യക്തമാക്കി. ഗവർണറുടെയും വിസിമാരുടെയും അധികാരം വെട്ടിച്ചുരുക്കുന്നതിനായി പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബിൽ നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഇതിന്റെ നിയമവശങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.

ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് മുൻ സർക്കാർ നാല് വർഷത്തെ ബിരുദ കോഴ്സുകൾ (FYUGP) നടപ്പിലാക്കിയതെന്നും ഇതുമൂലം വിദ്യാർത്ഥികളും അധ്യാപകരും വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും മന്ത്രി സമ്മതിച്ചു. ഈ സാഹചര്യത്തിൽ കോഴ്സിന്റെ സമഗ്രമായ പരിഷ്കരണത്തിനായി ഉടൻ തന്നെ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. 

ENGLISH SUMMARY:

Kerala Higher Education Minister Roji M John outlined ambitious plans to elevate the state's higher education sector on a global scale. He emphasized a strong defense against the communalization of campuses and a commitment to implementing innovative programs to ensure international-standard job opportunities for students.