Image: Instagram, From The Video
കൊച്ചി വാട്ടര്‍മെട്രോ യാത്രക്കിടെയില്‍ മനോഹരമായ ഒരു ആഘോഷം എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയ്ക്ക് മലയാളികളുടെ വിമര്‍ശനം. കരയ്ക്കെത്തിയിട്ട് പോരേ ഡാന്‍സും ആഘോഷവും എന്നാണ് ഉപയോക്താക്കള്‍ ചോദിക്കുന്നത്. by.chrzn എന്ന പേരിലുള്ള സോഷ്യല്‍മീഡിയ ഉപയോക്താവാണ് വിഡിയോ പങ്കുവച്ചത്.
ഇതൊരു ഉപദ്രവമില്ലാത്ത വൈബ് എന്നാണോ അതോ പൊതുഗതാഗത നിയമലംഘനം എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? എന്ന ചോദ്യമുന്നയിച്ചാണ് ഉപയോക്താവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ വിഡിയോ കണ്ടവരില്‍ ഭൂരിഭാഗം േപര്‍ക്കും ഈ പരിപാടി അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെന്നു പറയാം. ഗുജറാത്തികളുടെ ‘ഗര്‍ബ’ നൃത്തമാണിതെന്നും കേരളത്തില്‍ വന്ന് ഇത്തരം ചെയ്തികള്‍ കാണിക്കരുതെന്നും ചിലര്‍ പറയുന്നു.
വെള്ളത്തിലൂടെ നടത്തുന്ന യാത്രയില്‍ ഒരാളുടെ അശ്രദ്ധ മതി സാഹചര്യം മാറാനെന്നും ഇത്തരം രീതികളൊന്നും പ്രോത്സാഹിപ്പിക്കരുതെന്നും സുരക്ഷാകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ചിലര്‍ പറയുന്നു. ഒരു പ്രൈവറ്റ് ബോട്ടിലോ കപ്പലിലോ ഇത്തരം ആഘോഷങ്ങളാകാമെന്നും പൊതുഗതാഗത സംവിധാനങ്ങളില്‍ പാടില്ലെന്നും മറ്റൊരാള്‍ പറയുന്നു. അതേസമയം സുരക്ഷാ കാര്യങ്ങളില്‍ പ്രശ്നങ്ങളില്ലെങ്കില്‍ ഏത് ആഘോഷവും നല്ലതാണെന്നു പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.