bjp-vattiyoorkavu-march-viral-moment

സമരങ്ങളും പ്രതിഷേധങ്ങളും ജനാധിത്യത്തിന്റെ ഭാഗവും ജനാധിപത്യ അവകാശവുമാണ്. സംശയമില്ല. എന്നാൽ, അതേ സമരങ്ങളുടെ പേരിൽ റോഡ് അടച്ചിടുമ്പോൾ ഒരു വലിയ ജനവിഭാഗത്തിന് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള മൗലികാവകാശം ആണ് ഹനിക്കപ്പെടുന്നത്. ഇന്ന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ബിജെപി നടത്തിയ ഇത്തരമൊരു സമരത്തിനെതിരെ ശബ്ദമുയർത്തി താരമായത് വയോധികയായ സരസ്വതി അമ്മയാണ്. 

സംഭവത്തിന്റെ പശ്ചാത്തലവും നടന്നതും ഇതാണ് - തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറും ബിജെപി നേതാവും ഗുണ്ടാ നേതാവുമായ ആർ.സുഗതനെ കാപ്പ ചുമത്തി നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ആകാശത്തേക്ക് വെടിയുതിർത്താണ്  സുഗതനെ പൊലീസ് പിടികൂടിയത്. സുഗതൻ റിമാൻഡിലുമായി. സുഗതന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ വട്ടിയൂർക്കാവ് മണ്ണാറക്കോണം ജംക്‌ഷനിൽ നിന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ആഹ്വാനം ചെയ്തു. 

വൈകിട്ട് നാലുമണിക്ക് മാർച്ച് തുടങ്ങും എന്നാണ് പറഞ്ഞതെങ്കിലും, പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി മാർച്ച് എത്തിയപ്പോൾ സമയം 5:15 ആയി. ഈ സമയം അത്രയും , തിരക്കേറിയ വട്ടിയൂർക്കാവ് ജംക്‌ഷൻ ബാരിക്കേഡ് വച്ച് അടച്ചു. ഗതാഗതം പൂർണമായി സ്തംഭിച്ചു. 30ലധികം കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി ആയി എത്തിയതിന് പിന്നാലെ പ്രതിഷേധ സമരങ്ങളിൽ കാണുന്ന സ്ഥിരം കലാപരിപാടിയായ പ്രസംഗമത്സരം തുടങ്ങി. 

കരമന വാർഡ് കൗൺസിലറായ കരമന അജിത്ത് പ്രസംഗിച്ച് കത്തി കയറിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു വയോധിക സമരക്കാരുടെ ഇടയിലേക്ക് നടന്നുവന്നത്. മുൻപിൽ വന്നു നിന്നിട്ടും പ്രസംഗം നിർത്താതിരുന്ന കരമന അജിത്തിൻറെ കയ്യിൽ വയോധിക പിടിച്ചു. താൻ ഇതുവഴി വന്നതാണെന്നും സമരം കാരണം ഓട്ടോക്കാരൻ ഇവിടെ ഇറക്കി വിട്ടിട്ടു പോയെന്നും ഇനിയെന്ത് ചെയ്യുമെന്നും ഒരൊറ്റ ചോദ്യം. മറുപടി പറയാൻ ബുദ്ധിമുട്ടിയ കരമന അജിത്ത് തൊട്ടടുത്ത് നിന്ന് കൗൺസിലർമാരോട് പിടിച്ചുമാറ്റാൻ നിർദ്ദേശിച്ചു. ഉള്ളതിൽ കരുത്തരായ രണ്ടുപേർ വയോധികയുടെ കൈപിടിച്ച് വലിക്കാൻ ശ്രമിച്ചെങ്കിലും അവർ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല. 

ചാനൽ ക്യാമറകൾ ഇത് എല്ലാം പകർത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോൾ വനിതാ കൗൺസിലർമാരെ ഇറക്കി. സ്നേഹപൂർവ്വം വയോധികയെ സീനിൽ നിന്നും മാറ്റാനായിരുന്നു ശ്രമം. പക്ഷേ അവർ ഉണ്ടോ വഴങ്ങാൻ. ഇതിനിടയിൽ എന്തിനാണ് ബഹളം വയ്ക്കുന്നതെന്ന് ഒരു കൗൺസിലർ ഭീഷണി മുഴക്കി നോക്കി. എന്നാൽ പിന്നെ തന്നെ ബലം പ്രയോഗിച്ച് മാറ്റിക്കൊള്ളാൻ ആ അമ്മ ഉറക്കെ പറഞ്ഞു. ഇതോടെ കൗൺസിലർമാർ ഒന്നടങ്ങി. മാധ്യമങ്ങൾ പേര് ചോദിച്ചപ്പോൾ ഉറക്കെ വന്നു മറുപടി - സരസ്വതി അമ്മ. ഓട്ടോക്കാരൻ ഇവിടെ ഇറക്കി വിട്ടിട്ട് പോയി, വിശക്കുന്നുണ്ട്, കയ്യിൽ 500 രൂപയുമുണ്ട്, ഇങ്ങനെ അടച്ചിടുന്നത് ശരിയാണോ? സരസ്വതി അമ്മ ചോദിച്ചു

ഇത്രയും ആയതോടെ പ്രസംഗം മത്സരം അവസാനിപ്പിച്ചു കൊണ്ടുവന്ന ബാനർ മടക്കി കെട്ടി കൗൺസിലർമാർ നാലുവഴിക്ക് പോയി. ചാനൽ ക്യാമറകൾ സരസ്വതി അമ്മയ്ക്ക് ചുറ്റുമായി. സരസ്വതി അമ്മ ഇന്നത്തെ താരമായി. 

ആർ ശ്രീലേഖ മിസ്സിങ്

ഒരു കാര്യവും കുടി പറയണമല്ലോ . ബിജെപി കൗൺസിലർമാരുടെ സമരത്തിൽ ഇത്തവണ മുൻ ഡിജിപി ആർ ശ്രീലേഖയെ കണ്ടില്ല. മുൻപൊരിക്കൽ ഇതേ പോലീസ് സ്റ്റേഷന്റെ മുൻപിൽ നടന്ന പ്രതിഷേധത്തിൽ പോലീസിനെതിരെ ശ്രീലേഖ മുദ്രാവാക്യം വിളിച്ചത് സേനയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചയായിരുന്നു. 

ENGLISH SUMMARY:

Malayala Manorama Online News highlights how protests, while a part of democracy, can infringe on fundamental rights when roads are blocked. An elderly woman, Saraswathi Amma, became a symbol of resistance in Vattiyoorkavu, Thiruvananthapuram, by challenging a BJP protest that caused a significant traffic disruption.