mala-girl-2

TOPICS COVERED

ഒരു നിമിഷത്തെ ആശയക്കുഴപ്പം; നാല് വയസുകാരി ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ടു. എന്നാല്‍ മാള പൊലീസിന്റെ സമയോചിത ഇടപെടല്‍ കുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അമ്മയുടെ കരങ്ങളിലെത്തിച്ചു. മാള ബസ് സ്റ്റാന്‍ഡില്‍ നാല് വയസുകാരി ഒറ്റയ്ക്കു നില്‍ക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരിശോധനയില്‍ കുഞ്ഞ് ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളി കുടുംബത്തിലെ അംഗമാണെന്ന് കണ്ടെത്തി.

കൂലിപ്പണിക്കായി കേരളത്തിലെത്തിയ അമ്മ മൂന്ന് മക്കളുമായി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മറ്റ് രണ്ട് മക്കളുമായി ബസില്‍ കയറിയ അമ്മ, ഇളയ മകള്‍ സഹോദരങ്ങളോടൊപ്പമുണ്ടാകുമെന്നാണ് കരുതിയത്. അതേസമയം, മൂത്ത കുട്ടികള്‍ കുഞ്ഞനുജത്തി അമ്മയുടെ കൂടെയാണെന്നാണ് വിചാരിച്ചത്. ഈ തെറ്റിദ്ധാരണയാണ് നാല് വയസുകാരിയെ ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെടുത്തിയത്.

ബസ് ഏകദേശം മൂന്ന് കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന കാര്യം കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ അമ്മയും സഹോദരങ്ങളും പരിഭ്രാന്തരായി. ബസിനുള്ളിലും ആശങ്ക പടര്‍ന്നു.

ഇതിനിടെ, കുട്ടിയെ കണ്ടെത്തിയ മാള പൊലീസ് അതിവേഗം ഇടപെട്ടു. ബസ് ഉടമയെ ബന്ധപ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുകയും ജീവനക്കാര്‍ക്ക് വിവരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ഏകോപിത നീക്കത്തിലൂടെ കുട്ടിയുടെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്ന സ്ഥലം കണ്ടെത്തി.

സുരക്ഷിതമായി കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചപ്പോള്‍ ആശ്വാസത്തിന്റെ കണ്ണീരോടെയായിരുന്നു അമ്മ മകളെ ചേര്‍ത്തുപിടിച്ചത്. ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തത്തിലേക്ക് വഴിമാറാമായിരുന്നെങ്കിലും പൊലീസിന്റെ സമയോചിത ഇടപെടല്‍ കുടുംബത്തിന് വലിയ ആശ്വാസമായി.

മാള എസ്.ഐ. സുധാകരനും സഹപ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, ഏയ്ഞ്ചല്‍, മനോജ് എന്നിവരും ചേര്‍ന്നാണ് അതിവേഗ നടപടികളിലൂടെ കുഞ്ഞിനെ കുടുംബത്തോടൊപ്പം വീണ്ടും ചേര്‍ത്തത്.

ENGLISH SUMMARY:

A four-year-old girl was accidentally left behind at the Mala bus stand in Kerala after a mix-up involving her mother and siblings. The child, belonging to a migrant worker family from Bihar, was safely reunited with her mother after swift action by the Mala Police. Officers quickly traced the bus and ensured the young girl was returned to her family, preventing a potentially serious situation.