chandu-salim-kumar-3

മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ വിയോഗം മലയാളികളുടെ മനസ് തകര്‍ത്ത വാര്‍ത്തയായാണ് കടന്നുവന്നത്. രോഗബാധയെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും പതിവുപോലെ അതെല്ലാം അതിജീവിച്ച് ചെറുചിരിയോടെ അദ്ദേഹം മടങ്ങിവരുമെന്ന പ്രതീക്ഷ ഇത്തവണ തെറ്റി. ചിരിയും ചിന്തയും വാരിവിതറുന്ന സലിം കുമാര്‍ ശൈലി ഇനി ഓര്‍മകളില്‍ മാത്രം. അകാലവിയോഗം താങ്ങാനാകാതെ അടുത്തവരും നാട്ടുകാരും പറവൂരിലെ പൊതുദര്‍ശനത്തിലും വീട്ടിലെ സംസ്കാരച്ചടങ്ങുകളിലും തിങ്ങിക്കൂടിയിരുന്നു. ഒടുവില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ  കുടുംബാംഗങ്ങള്‍ പോലും അന്ത്യനിമിഷങ്ങളില്‍ പാടുപെട്ടപ്പോള്‍ സലിംകുമാറിന്റെ മകന്‍ ചന്തു സങ്കടത്തോടെ പൊട്ടിത്തെറിക്കുന്നതും നമ്മള്‍ കണ്ടു. ചന്തു മാത്രമല്ല മുഖ്യമന്ത്രി വി.ഡി.സതീശനു പോലും കര്‍ശനമായി ഇടപെട്ട് തിരക്ക് നിയന്ത്രിക്കേണ്ടി വന്നു. സമീപകാലത്ത്  ഒട്ടവനധി പ്രമുഖരുടെ സംസ്കാരച്ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരുന്നത് ചര്‍ച്ചയാണ്.

  എന്തുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യമുണ്ടാകുന്നത്? പല കാരണങ്ങളുണ്ട്. പക്ഷേ ഇത് ദുഃഖകരമാണ് എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒറ്റ അഭിപ്രായമേ കാണൂ. ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കുന്നതെങ്ങനെ? ആരാണ് അതിന് മുന്‍കൈയെടുക്കേണ്ടത്? ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കെത്താന്‍ ചില അപ്രിയസത്യങ്ങള്‍ നമ്മള്‍ സധൈര്യം നേരിടേണ്ടതുണ്ട്.

* സംസ്കാരച്ചടങ്ങുകളില്‍ തിക്കിത്തിരക്കുന്നതാരാണ്?

സ്വാഭാവികമായും മാധ്യമങ്ങള്‍ എന്നതായിരിക്കും ആദ്യഉത്തരം. ഒറ്റവാക്കില്‍ അത് ശരിയാണ്. പക്ഷേ ഏതൊക്കെയാണ് ഇന്ന് നമുക്കുചുറ്റുമുള്ള മാധ്യമങ്ങള്‍? പരമ്പരാഗത മാധ്യമങ്ങളുണ്ട്. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ഡിജിറ്റല്‍ മീഡിയ ഇത്തരം മാധ്യമങ്ങളാണ് പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നുവച്ചാല്‍ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന ലൈസന്‍സ് വേണം. അതത് മീഡിയയുമായി ബന്ധപ്പെട്ട അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന മുഴുവന്‍ ഉള്ളടക്കവും ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ നിരീക്ഷണത്തിലാണ്. 24 മണിക്കൂറും നിരീക്ഷിച്ച് തല്‍സമയ സംപ്രേഷണത്തിനിടെയുണ്ടാകുന്ന െതറ്റുകുറ്റങ്ങളില്‍ വിശദീകരണം തേടുകയും നടപടിയെടുക്കുകയും ചെയ്യും. പത്രങ്ങളുടെ കാര്യത്തില്‍ പ്രസ്കൗണ്‍സില്‍ അടക്കം ഒന്നിലേറെ തലങ്ങളില്‍ ഇടപെടലുണ്ട്. ഡിജിറ്റല്‍ മീഡിയ ഏതു പ്ലാറ്റ്ഫോമാണോ ഉപയോഗിക്കുന്നത് ആ പ്ലാറ്റ്ഫോമിന്റെ കര്‍ശനമാര്‍ഗനിര്‍ദേശങ്ങളും നിരീക്ഷണങ്ങളും പാലിക്കണം. പ്രേക്ഷകര്‍ക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതത് അതോറിറ്റിയെ സമീപിച്ച് പരാതി നല്‍കാം. പരാതി നല്‍കാന്‍ ബന്ധപ്പെടേണ്ട വിലാസവും വിശദാംശങ്ങളും അതത് മാധ്യമങ്ങള്‍ തന്നെ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

 അതായത് ഈ മാധ്യമങ്ങള്‍ വാര്‍ത്താശേഖരണത്തിലോ സംപ്രേഷണത്തിലോ വരുത്തുന്ന പാകപ്പിഴകള്‍ ചോദ്യം ചെയ്യാന്‍ കൃത്യമായ സംവിധാനവും നിയമപരമായ രീതിയുമുണ്ട്.  സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിന്റെ സംപ്രേഷണത്തിനും മാധ്യമങ്ങളും നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് കാമറകളുടെ തള്ളിക്കയറ്റം ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ തയാറാക്കിയിരുന്നു. ചാനല്‍ കാമറകള്‍ക്കായി സംസ്കാരച്ചടങ്ങ് നടക്കുന്നയിടത്തു നിന്ന് നിശ്ചിത അകലത്തില്‍ പ്ലാറ്റ്ഫോമൊരുക്കി. ആ പ്ലാറ്റ്ഫോമില്‍ നിലയുറപ്പിച്ചാണ് പ്രധാന ചാനലുകളെല്ലാം ചടങ്ങ് ചിത്രീകരിച്ചത്. നടന്‍ ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങിലും സമാനമായ ക്രമീകരണങ്ങളുണ്ടായിരുന്നു. പക്ഷേ തിരക്ക് നിയന്ത്രണാതീതമായി. അടുത്ത കുടുംബാംഗങ്ങള്‍ക്കു പോലും കാലുറപ്പിച്ച് നില്‍ക്കാനാകാത്ത സാഹചര്യമുണ്ടായി.  നടന്‍ സിദ്ദിഖിന്റെ മകന്റെ സംസ്കാരസമയത്ത് കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് മുഖ്യധാരാമാധ്യമങ്ങള്‍ വീട്ടുവളപ്പിലേക്കു പോലും കയറാതെ പുറത്തു നിന്ന് ദൃശ്യങ്ങളെടുത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവസാനിപ്പിച്ചു. 

പക്ഷേ സമൂഹമാധ്യമപേജുകളുടെ പ്രതിനിധികള്‍ കബറടക്കസമയത്തുപോലും നടത്തിയ കടന്നുകയറ്റത്തിനെതിരെ പിന്നീട് സിദ്ദിഖ് തന്നെ തുറന്നടിച്ചിരുന്നു. പരമ്പരാഗത മാധ്യമങ്ങള്‍ക്കിടയിലും മല്‍സരം വര്‍ധിക്കുന്നതനുസരിച്ച് അംഗീകരിക്കാനാകാത്ത പ്രവണതകളുണ്ട്. പക്ഷേ ഇപ്പോള്‍ നമ്മള്‍ പരാമര്‍ശിക്കുന്ന സാഹചര്യങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നത് പരമ്പരാഗത മാധ്യമങ്ങളാണോ? എവിടെയും നിയന്ത്രണമില്ലാത്ത, എവിടെയും ചോദ്യം ചെയ്യാന്‍ അവസരമില്ലാത്ത സമൂഹമാധ്യമപേജുകളുടെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഏതു സാഹചര്യത്തെയും പ്രശ്നഭരിതമാക്കുന്നത്. മൊബൈല്‍ ഫോണ്‍ കൈയിലുള്ള ആര്‍ക്കും അത്തരത്തില്‍ മാധ്യമങ്ങളെന്ന് അവകാശപ്പെടാവുന്ന സാഹചര്യമാണ്.  ലൈസന്‍സോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാതെ തന്നെ ഏതു സാഹചര്യത്തിലും കടന്നുകയറി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ശൈലി സജീവമായതും അടുത്ത കാലത്താണ്. ഡിജിറ്റല്‍ മീഡിയയ്ക്കും കൃത്യമായ ലൈസന്‍സിങ്ങും തിരിച്ചറിയല്‍ കാര്‍ഡുകളും ഏര്‍പ്പെടുത്തുക. പൊതുമാധ്യമങ്ങള്‍ക്ക് ബാധകമായ എല്ലാ പെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നുവെന്നുറപ്പു വരുത്തുക മാത്രമാണ് ഈ തള്ളിക്കയറ്റം നിയന്ത്രിക്കാനുള്ള പരിഹാരം.

* സ്വകാര്യതയെന്ന അവകാശം മറന്നുകൊടുക്കണോ?

ഏതു തരത്തിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയാലും ഇത്തരം സാഹചര്യങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമാകുന്നതും മാധ്യമങ്ങള്‍ക്കു പുറമേ ഓരോ വ്യക്തിയും മൊബൈല്‍ കാമറകളുമായി തിക്കിത്തിരക്കുന്നതും സാഹചര്യം വഷളാക്കുന്നത് പതിവായിരിക്കുന്നു. ഇവിടെ ഓര്‍മിക്കേണ്ട ഒരു അപ്രിയസത്യമുണ്ട്. എന്തു കാണാനാണ് , എന്തു കാണിക്കാനാണ് ഈ തള്ളിക്കയറ്റം? കണ്ണീര്‍! മനുഷ്യന്റെ ഏറ്റവും സങ്കടകരമായ അവസ്ഥയില്‍ നിസഹായരായി, വേദനയുടെ പാരമ്യത്തില്‍ പൊട്ടിക്കരയുന്ന മനുഷ്യരുടെ കണ്ണീര്‍ കാണാനാണ് ഈ ഇടിച്ചുകയറ്റമെന്ന സത്യം തുറന്നു സമ്മതിക്കേണ്ട സമയമായിരിക്കുന്നു. അതിവൈകാരികനിമിഷങ്ങളില്‍ അഭിരമിക്കാന്‍ കാഴ്ചക്കാരെ ശീലിപ്പിച്ചതില്‍ സിനിമയുടെ പങ്കൊക്കെ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കാം. പക്ഷേ കഥയല്ല ജീവിതമെന്ന് സമ്മതിച്ചേ പറ്റൂ.  പ്രിയപ്പെട്ടവരുടെ വിയോഗവേളയില്‍ ഏറ്റവുമടുത്ത കുറച്ചു പേര്‍ക്കു മാത്രമായി  അവസാനനിമിഷങ്ങള്‍ വിട്ടുകൊടുക്കാന്‍ എന്താണ് തടസം? സ്വകാര്യത ഒരു അവകാശമാണെന്ന് നമ്മള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അത്രയേയുള്ളൂ. സമൂഹം അതംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ പോലും അവകാശികള്‍ക്ക് അതാവശ്യപ്പെടാം. കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാം. ഒരു നിശ്ചിതസമയത്തിനപ്പുറം ഒരു മാധ്യമത്തിന്റെയും സാന്നിധ്യം ഉണ്ടാകരുതെന്ന് കര്‍ശനമായി ആവശ്യപ്പെടാം.  

ഇപ്പോള്‍ തന്നെ മുഖ്യാധാരാമാധ്യമങ്ങള്‍ തമ്മില്‍ ഒരു പൊതുധാരണയുണ്ടാക്കി സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ എണ്ണത്തില്‍ കുറവാണ്. പത്തില്‍ താഴെ ചാനലുകളാണ് മലയാളത്തിലുള്ളതെങ്കില്‍ അന്‍പതിലേറെ സമൂഹമാധ്യമപേജുകള്‍ ഇത്തരം കവറേജുകള്‍ക്കായി രംഗത്തുണ്ട്. അപ്പോള്‍ ചടങ്ങിന്റെ സംഘാടകരായി നില്‍ക്കുന്നവര്‍ തന്നെ പൊലീസുമായും കുടുംബമായും കൂടിയാലോചിച്ച് കവറേജ് ഏതു ഘട്ടം വരെ എന്നു തീരുമാനിച്ച് പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയുമാണ് ഉചിതം. സ്വകാര്യത എന്ന അവകാശം ഒരു പൊതുബോധത്തെയും വിധിയെഴുത്തിനെയും പേടിച്ച് വിട്ടുകൊടുക്കേണ്ടതല്ല എന്ന ഉറച്ച തീരുമാനമെടുത്ത് നടപ്പാക്കണമെന്നു മാത്രം. കേരളത്തില്‍ തന്നെ അടുത്ത കാലത്ത് അത്തരത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ നടന്ന ഒരു സംസ്കാരച്ചടങ്ങുണ്ട്. മലയാളത്തിന്റെ മഹാനായ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വിയോഗശേഷം പൊതുദര്‍ശനം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരം കുടുംബം തീരുമാനിച്ചറിയിച്ചിരുന്നു. എല്ലാ മുഖ്യധാരാമാധ്യമങ്ങളും അതു മാനിക്കുകയും ചെയ്തു. എം.ടിയുടെ സംസ്കാരച്ചടങ്ങുകളും കൃത്യമായ ക്രമീകരണങ്ങളോടെ ഉന്തും തള്ളുമില്ലാതെ നടന്നു.

* ജനക്കൂട്ടത്തിന്റെ വലിപ്പമല്ല വ്യക്തിയുടെ മഹത്വം!

മറ്റൊരു അപ്രിയസത്യം. പ്രമുഖരായ വ്യക്തികളുടെ വിയോഗവേളയില്‍ ഒഴുകിയെത്തുന്ന ജനാവലിയുടെ വലിപ്പം നോക്കി വ്യക്തിയുടെ ജീവിതമൂല്യമളക്കുന്ന മനോഭാവം മാറണം.  വിലാപയാത്രയും സംസ്കാരച്ചടങ്ങും പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും വൈകാരികമൂലധനമാക്കി മാറ്റുന്ന രീതിയും മാറണം. പൊതുദര്‍ശനം എന്ന വാക്കു പോലും ആധുനിക ജീവിതമൂല്യങ്ങള്‍ക്ക് യോജിക്കുന്നതല്ല. ജീവിതകാലം മുഴുവന്‍ സമൂഹത്തിനായി ജീവിച്ച, ജീവിതം കൊണ്ട് കലയ്ക്കും രാഷ്ട്രീയത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ ജീവിതം കൊണ്ടു തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. ആദരം അര്‍പ്പിക്കേണ്ടത് അവരുടെ ഭൗതികശരീരത്തിനല്ല, ജീവിതസംഭാവനകള്‍ക്കാണ്. ഓര്‍മയിലുണ്ടാകേണ്ടത് ജീവനറ്റ നിശ്ചലദേഹമല്ല, സക്രിയമായ പൊതുജീവിതവും അവര്‍ പകര്‍ന്ന ഊര്‍ജവുമാണ്. തിക്കിത്തിരക്കേണ്ടതില്ലെന്നു തീരുമാനിക്കേണ്ടത് ജനക്കൂട്ടം കൂടിയാണ്. മണിക്കൂറുകളുടെ കാത്തുനില്‍പല്ല മഹദ്‍വ്യക്തികളുടെ ജീവിതത്തിനു നല്‍കാവുന്ന അന്ത്യോപചാരം, ആ കലയും കര്‍മവും മാറിനിന്നോര്‍മിക്കുന്നതും ഓര്‍മിപ്പിക്കുന്നതും അവരര്‍ഹിക്കുന്ന യാതയയപ്പ് തന്നെയാണ്.  ഒന്നു ചെന്നില്ലെങ്കില്‍ എന്തു കരുതുമെന്ന സമ്മര്‍ദത്തെ ഇന്നു ചെല്ലാതിരിക്കുന്നതാണ് നല്ലതെന്ന ഔചിത്യത്തിലേക്കു വഴിതിരിച്ചുവിടാന്‍ ഓരോരുത്തര്‍ക്കും ഒരു സ്വയംഅഴിച്ചുപണി ആവശ്യമാണ്. കുടുംബത്തിന് സാന്ത്വനമേകാന്‍ ഇന്നു നമ്മുടെ സാന്നിധ്യം അനിവാര്യമല്ലെങ്കില്‍ ആ സന്ദര്‍ശനം നാളേക്കു മാറ്റാം. വ്യക്തിപരമായി തന്നെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കാനും അതാണ് നല്ലത്.  പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാനാണ് ഇന്ത്യന്‍ സമൂഹങ്ങളില്‍ വിപുലമായ സംസ്കാരക്രിയകളും മരണാനന്തരചടങ്ങുകളും എല്ലാ ആചാരങ്ങളിലും പിന്തുടരുന്നത്. പക്ഷേ സാഹചര്യവും സന്ദര്‍ഭവും നോക്കി സാന്നിധ്യമറിയിക്കാന്‍ ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണ്.

* ആരു മുന്‍കൈയെടുക്കും?

അതൊരു വലിയ ചോദ്യമാണ്. മരണം ഏതവസരത്തിലും ദുഃഖകരമായ സാഹചര്യമാണ്. അവിടെ കാര്‍ക്കശ്യവും കടുത്ത നിയന്ത്രണങ്ങളും അനുചിതമാകുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ അപ്രിയമായ ഒരോര്‍മയായി മാറാതിരിക്കാന്‍ ഇടപെടാന്‍ ബാധ്യതയുള്ളവര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും. സമീപകാലത്തായി കേരളത്തില്‍ സിനിമാപ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയും സംസ്കാരച്ചടങ്ങുകളാണ് തിക്കിലും തിരക്കിലും കലാശിക്കുന്നത്. ബന്ധപ്പെട്ട സംഘടനകള്‍ തന്നെ മുന്‍കൈയെടുത്ത് ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് ഉചിതം. കുടുംബത്തിന്റെയും ഉറ്റവരുടെയും വികാരമാണ് കണക്കിലെടുക്കേണ്ടത്.  സിനിമാപ്രവര്‍ത്തകരുടെ കാര്യത്തില്‍ സിനിമാസംഘടനകള്‍ക്കും നേതാക്കളുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ക്കും ക്രമീകരണങ്ങള്‍ തീരുമാനിക്കാം. ഇപ്പോഴും അതുണ്ട്. പക്ഷേ മാറിയ സാഹചര്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകണം. പ്രഖ്യാപിക്കപ്പെടുന്ന തീരുമാനങ്ങള്‍ മാധ്യമങ്ങളും പൂര്‍ണമനസോടെ പാലിക്കണം. ഒരര്‍ഥത്തില്‍ അങ്ങനെയൊരു മാറ്റം ഏറ്റവും അധികം ആഗ്രഹിക്കുന്നതും ഈ തിക്കിനും തിരക്കിനുമിടയില്‍  ഒന്നും മിസാകാതിരിക്കാന്‍ സമ്മര്‍ദം നേരിടുന്ന മാധ്യമപ്രവര്‍ത്തകരായിരിക്കും. വൈകാരികനിമിഷങ്ങളിലേക്ക് ഇഴഞ്ഞുകയറുന്ന ഓരോ കാമറക്കണ്ണിനും താക്കീതാകുന്ന തരത്തില്‍ മാതൃകാപരമായി ഒരു മാറ്റം കൊണ്ടു വരാന്‍ കേരളത്തിനു കഴിയണം.മരണം മനുഷ്യാന്തസിന്റെ അവസാനമല്ലെന്ന് മനുഷ്യരെല്ലാം മനസിലാക്കുക തന്നെ വേണം.

ENGLISH SUMMARY:

The scenes at actor Salim Kumar's funeral have reignited an important debate about privacy, media ethics, and crowd management during public mourning. Chandu's emotional reaction highlighted the challenges families face when grief becomes a public spectacle. This analysis examines the role of traditional media, social media creators, funeral protocols, and society's growing obsession with documenting emotional moments. It also explores how Kerala can create more dignified and privacy-conscious practices for public figures' final farewells.