അന്തരിച്ച നടൻ സലിംകുമാറിന് സംസ്ഥാന ബജറ്റിൽ സ്മാരകം പണിയാൻ ഒരു കോടി രൂപ അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല സലിംകുമാറിന് സ്മാരകം പണിയേണ്ടതെന്നും, പിണറായി വിജയനെയും എൽ.ഡി.എഫ് സർക്കാരിനെയും ചീത്തവിളിച്ചതും കോൺഗ്രസുകാരനായതുമാണ് യോഗ്യതയെങ്കിൽ കെ.പി.സി.സി.യാണ് സ്മാരകം നിർമ്മിക്കേണ്ടതെന്നും നിസാർ മനോരമ ന്യൂസിനോട് പറഞ്ഞു.
സർക്കാരിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ടാണ് നിസാർ മാമുക്കോയ രംഗത്തെത്തിയത്. "ഖജനാവ് കാലിയാണെന്നും 'പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്' ആണെന്നും നമ്മളെ പഠിപ്പിച്ചവർ തന്നെയാണ് ഒരു നടന്റെ സ്മാരകത്തിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോട് സർക്കാർ ചെയ്തത് എന്താണെന്ന് ഈ സാഹചര്യത്തിൽ ഓർക്കണം."
സലിംകുമാറിനെ എല്ലാവർക്കും ഇഷ്ടമാണ്, തനിക്കും ഇഷ്ടമാണ്. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. എന്നാൽ ഇതിനെ ബജറ്റിൽ തുക വകയിരുത്തി വലിയൊരു കാര്യമായി കൊണ്ടാടേണ്ടതില്ല. ഈ സ്മാരക പ്രഖ്യാപനത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് നിസാർ ആരോപിക്കുന്നു.
"തിരഞ്ഞെടുപ്പ് കാലത്ത് കമ്മ്യൂണിസ്റ്റുകാരെയും സർക്കാരിനെയും നന്നായി ചീത്തവിളിച്ചതും കോൺഗ്രസിനെ അനുകൂലിച്ചതുമാണ് സ്മാരകത്തിനുള്ള യോഗ്യതയെങ്കിൽ, അത് എറണാകുളം ഡി.സി.സി.യോ കെ.പി.സി.സി.യോ ഏറ്റെടുത്ത് ചെയ്യണമായിരുന്നു. അവർ ഒരു സംഘടന രൂപീകരിച്ച് ആർട്ടിസ്റ്റുകളെ ചേർത്താണ് സ്മാരകം പണിയേണ്ടത്. അതിന് ഒരു കോടിയല്ല, പത്ത് കോടി വരെ പിരിച്ചെടുക്കാൻ അവർക്ക് സാധിക്കും. അല്ലാതെ ഇതിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ല."
"ഇനി സ്മാരകം കിട്ടണമെങ്കിൽ കോൺഗ്രസുകാരനാവുകയും എറണാകുളത്ത് പോയി താമസിക്കുകയും വേണമെന്നുണ്ടോ? ഞാനും നല്ലൊരു കോൺഗ്രസുകാരനാണ് അങ്ങനെയെങ്കിൽ എനിക്കും സ്മാരകം കിട്ടുമോ?" എന്നും നിസാർ ചോദിക്കുന്നു.
തന്റെ പിതാവ് മാമുക്കോയ മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കോഴിക്കോട് നഗരത്തിൽ ഒരു സ്മാരകം പോലും പണിയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനും നിസാർ വ്യക്തമായ മറുപടി നൽകി. മരണസമയത്ത് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിറും സി.എം.പി. നേതാക്കളുമൊക്കെ സ്മാരകം പണിയുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ വെറുമൊരു പ്രതിമ പണിയുന്നതിനോട് തനിക്ക് താല്പര്യമില്ല. അത് വെയിലത്തും മഴയത്തും കാക്ക കാഷ്ഠിക്കാന്‍ മാത്രമേ ഉപകരിക്കൂ. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ലൈബ്രറിയോ മറ്റ് സ്ഥാപനങ്ങളോ ഏതെങ്കിലും സംഘടനകൾ ചെയ്യുകയാണെങ്കിൽ അതിനോട് മാത്രമേ യോജിക്കാനാകൂ എന്നും നിസാർ വ്യക്തമാക്കി.