Untitled design - 1

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ച പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. മന്ത്രിയുടെ സ്വന്തം സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ പ്രതിപക്ഷവും പൊതുസമൂഹവും വലിയ രീതിയിൽ രാഷ്ട്രീയ വിവാദം ഉയർത്തിയതിന് പിന്നാലെയാണ് ഈ രാജി.

അത് നിയമപരമായി തെറ്റായിരുന്നില്ലെന്നും, പക്ഷേ അതിൽ എന്നാലും ചില പിശകുകൾ ഉണ്ടായിരുന്നുവെന്നും ജിന്‍റോ കുറിച്ചു. 'അദ്ദേഹത്തിന് യോഗ്യതകളിൽ ഒരു കുറവുമുണ്ടായിരുന്നില്ല. അപ്പോഴും ചില ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് പ്രവർത്തന പാരമ്പര്യത്തിലും കുറവില്ല. പതിറ്റാണ്ടുകളുടെ ജനകീയ പാരമ്പര്യവുമുണ്ട്. എന്നാലും ചില ന്യായീകരണങ്ങൾ പിണറായി സർക്കാരിന്റെ ആവർത്തനമെന്ന പരസ്യ രഹസ്യങ്ങളുമുണ്ടായിരുന്നു. ആരാധകരുടെ കൂട്ടം ചേർന്നുള്ള ആക്രോശങ്ങൾ ഭയന്നിട്ടല്ല അന്നേരം മിണ്ടാതിരുന്നത്... തിരുത്താനുള്ള ആർജ്ജവം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്റെ പ്രസ്ഥാനത്തിന് എന്നുള്ളത് കൊണ്ടാണ്. പിണറായിസത്തിന്റെ പത്തുവർഷങ്ങളുടെ തനിയാവർത്തനങ്ങൾ എന്ന് തോന്നാവുന്ന വിദൂരസാമ്യം പോലും മലയാളിക്ക് അത്രക്ക്‌ അരോചകമാണ്. സാധാരണ മനുഷ്യരാണ് സർക്കാരിന്റെ പിആർ എന്ന ബോധ്യങ്ങൾ ആണ് കൂടുതൽ ജനാധിപത്യപരം. 

രാജിവച്ച ബെന്നി ചേട്ടനോട് അത്രയേറെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നു. നിങ്ങൾക്ക് ഒരു കുറവുമില്ല. ഇപ്പോഴും. പക്ഷേ കൂടുതൽ തെളിമയുള്ള തീരുമാനമെടുത്തപ്പോൾ നിങ്ങൾ കുറേക്കൂടി ഞങ്ങളെപ്പോലുള്ളവരെ ശക്തരാക്കി. ന്യായീകരണങ്ങൾ നിരത്തി പ്രതിരോധിക്കാതെ ശക്തമായി രാഷ്ട്രീയം പറഞ്ഞ് ആഞ്ഞടിക്കാൻ ശേഷി കൂട്ടി. 

ഖദറിൽ കറപറ്റാൻ പോലും ഇഷ്ടപ്പെടാത്ത ഒരു കോൺഗ്രസ്സുകാരൻ ഉണ്ട് അഡ്വ. സണ്ണി ജോസഫിൽ. മന്ത്രിയായാലും മാറ്റമില്ലാത്ത ശീലമാണ് അതെന്ന് ബെന്നി തോമസിന്റെ രാജിയിലൂടെ വീണ്ടും ഉറപ്പാക്കപ്പെടുന്നുണ്ട്. കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിനെ കുറിച്ചുള്ള അപസർപ്പക തിരക്കഥകളുടെ രചന ഇനിയെങ്കിലും സൈബർ സഖാക്കൾ നിർത്തുന്നതാണ് അഭികാമ്യം. 

ബന്ധുനിയമങ്ങളുടെ സമീപകാല ചരിത്രം സംസാരിക്കാൻ തുടങ്ങിയാൽ ചുമന്ന മഷി തീർന്നുപോകാൻ ഇടയുണ്ട്. അഡ്വ. സണ്ണി ജോസഫിന്റെ ബന്ധു ആയത് ബെന്നി തോമസിന്റെ വിശേഷാൽ കുറവാകുന്നത് നമ്മുടെ രാഷ്ട്രീയ പരിസരങ്ങളുടെ മുന്നനുഭവങ്ങളിൽ നിന്നാണ്. അത്തരം ചിറ്റപ്പന്മാരെയും കൊച്ചാപ്പമാരേയും അമ്മായിയമ്മമാരേയും ഭർത്താക്കന്മാരെയും ന്യായീകരിച്ച് നാവുതളർന്നവർ ബെന്നി തോമസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ  വിലപറയുന്നതും സത്യസന്ധമാകില്ല. അതാര് നടത്തിയാലും പരസ്പരം പറഞ്ഞ് മിടുക്കരായാലും സാമാന്യ ജനത്തോടുള്ള വെല്ലുവിളിയാണ്.

ഇവിടെ ജനങ്ങൾക്ക് അല്പമെങ്കിലും അഭിപ്രായ വ്യത്യാസത്തിന് ഇടനല്കിയ തീരുമാനം തിരുത്തിയത് ഒരു നല്ല മാതൃകയാണ്. എന്നെ ഒരു കോൺഗ്രസ്‌ പ്രവർത്തകൻ എന്നനിലയിൽ കൂടുതൽ അഭിമാനിയാക്കിയ മറ്റൊരു തീരുമാനം. പൊതുവിൽ സ്വീകരിക്കപ്പെടേണ്ടതുമാണ്. ബെന്നി തോമസിനെ ഓർത്ത് അഭിമാനം... മുൻപത്തെക്കാളേറെ. നഷ്ടങ്ങളിൽ പോലും തിളങ്ങുന്ന താരകശോഭ'. – അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reported on the resignation of Benny Thomas, Additional Private Secretary to Minister Sunny Joseph, following a political controversy surrounding the appointment of his brother-in-law. Congress leader Ginto John addressed the issue with a Facebook post, acknowledging potential mistakes despite legal compliance and highlighting the party's willingness to correct its course.