സിനിമാ നടനാകണമെന്ന ആഗ്രഹം കലശലായ കാലത്ത് സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടി ഇറങ്ങിയതായിരുന്നു സലിം കുമാര്‍. ചിത്രത്തില്‍ തനിക്കുള്ള 11 സീനില്‍ ഒന്‍പതും ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷം തന്നെ ഒഴിവാക്കിയ കഥ സലിം കുമാര്‍ തന്നെയാണ് ഒരിക്കല്‍ മലയാള മനോരമയില്‍ എഴുതിയത്. അഭിനയിക്കാനറിയില്ലെന്നത് തോന്നി അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയെങ്കിലും താരത്തോട് അക്കാര്യം പറഞ്ഞിരുന്നില്ല. പകരം പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് മടങ്ങിപ്പോകുകയായിരുന്നു. ടിക്കറ്റെടുക്കാമെന്ന് പറഞ്ഞായിരുന്നു മടങ്ങിപ്പോയത്.
കയ്യില്‍ നയാ പൈസയില്ലാതെയിരുന്ന സലിംകുമാര്‍ ഒടുവില്‍ വിദേശ മലയാളിയായ സണ്ണിയെന്നൊരാളില്‍ നിന്നും 20 രൂപ വാങ്ങി നാട്ടിലെത്തിയെന്നായിരുന്നു അക്കഥ. സലിം കുമാര്‍ അന്നെഴുതിയ കുറിപ്പിങ്ങനെ: ‘‘സിനിമയാണ് എന്റെ ചോറ്. അതുണ്ണാതെ ഞാൻ പോകില്ല.’’കമൽ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന സിനിമയിൽ എന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണിത്. എന്നാൽ സിനിമ എന്റെ ചോറല്ല എന്നും സിനിമാഭിനയം എന്ന തൊഴിൽ ചെയ്തു ജീവിക്കാൻ എനിക്കു വിധി ഇല്ല എന്നും ഉപജീവനത്തിനായി മറ്റെന്തെങ്കിലും തൊഴിൽ തേടണമെന്നും മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയ ഒരു കാലം...ആ കാലത്തിലേക്കു നമുക്ക് ടക്കനെന്നു പോയിട്ട് ഉച്ചയൂണിനു മുൻപു തിരിച്ചെത്താം.
‘‘ഇവിടെ അടുത്താ ആ സ്ഥലം... കോട്ടയം.’’ ഒരു ദിവസം ചിറ്റാറ്റുകര മരണാനന്തര സംഘത്തിൽ എനിക്കൊരു ഫോൺ വന്നു. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് സിദ്ദു പനയ്ക്കൽ. സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും ആ സിനിമയിൽ എനിക്ക് ഒരു വേഷം ഉണ്ടെന്നും നാളെത്തന്നെ കോട്ടയത്ത് എത്തണമെന്നും അദ്ദേഹം പറഞ്ഞപ്പോൾ മനസ്സ് സന്തോഷംകൊണ്ടു തുള്ളിച്ചാടി. വരാംചേട്ടാ എന്ന മറുപടിയും പറഞ്ഞു ഞാൻ ഫോൺ വച്ചു. തിരിച്ചു വീട്ടിലെത്തിയത് നടന്നാണോ, ഓടിയാണോ, നീന്തിയാണോ എന്നു ചോദിച്ചാൽ ഇപ്പോഴും ഒരു പിടിയും കിട്ടുന്നില്ല. അപ്പോൾതന്നെ എന്റെ സുഹൃത്തുക്കളുമായി ഈ വിവരം ഞാൻ പങ്കുവച്ചു. അവരെല്ലാവരും പറഞ്ഞു: ‘നീ രക്ഷപ്പെട്ടെടാ...’ എന്നിട്ട് അവർ അവരുടെ സുഹൃത്തുക്കളോടു വിളിച്ചു പറഞ്ഞു: ‘‘അറിഞ്ഞോ സലീമിനെ സിബി മലയിലിന്റെ സിനിമയിലെടുത്തു.’’ വീട്ടിലെത്തി വിവരം അമ്മയോടും ഭാര്യയോടും പറഞ്ഞപ്പോൾ അവർക്കും വലിയ സന്തോഷമായി. ‘‘കളരിക്കൽ അമ്പലത്തിൽ പോയി ദേവിയെ പ്രാർഥിച്ചിട്ടേ നാളെ കോട്ടയത്തേക്കു പോകാവൂ’’ എന്ന നിർദേശവും അമ്മ മുന്നോട്ടുവച്ചു. പിറ്റേന്നു രാവിലെ അമ്മ പറഞ്ഞ പ്രകാരം കളരിക്കൽ അമ്പലത്തിൽ വഴിപാട് കഴിച്ച് ഞാൻ കോട്ടയത്തേക്കുള്ള വണ്ടിയുടെ സൈഡ് സീറ്റിൽ സ്ഥാനംപിടിച്ചു. ആ ബസിലെ സൈഡ് സീറ്റിൽ ഇരുന്ന് നാളത്തെ സിനിമാതാരം സലിംകുമാറിനെക്കുറിച്ച് ഒരുപാടു സ്വപ്നങ്ങൾ നെയ്തുകൂട്ടി. നെയ്തു വന്ന സ്വപ്നങ്ങൾ കൂടിക്കൂടി വന്നപ്പോൾ അവ മനസ്സിൽ ചേന്ദമംഗലം കൈത്തറിയിലും ബാലരാമപുരം കൈത്തറിയിലും ബാക്കിയുള്ളത് കാഞ്ചിപുരം കൈത്തറിയിലേക്കും കയറ്റി അയച്ചു. അങ്ങനെ നെയ്ത്തും കയറ്റി അയയ്ക്കലും നടന്നുകൊണ്ടിരിക്കുന്നതിന്റെ ഇടവേളകളിൽ എവിടെയോ വച്ച് വണ്ടി കോട്ടയത്തെത്തി. കോട്ടയം – എന്നെ അക്ഷരങ്ങൾകൊണ്ട് കൂട്ടി വായിക്കാൻ പഠിപ്പിച്ച മുട്ടത്തു വർക്കിയുടെയും കോട്ടയം പുഷ്പനാഥിന്റെയും സുധാകർ മംഗളോദയത്തിന്റെയും കമല ഗോവിന്ദിന്റെയും ജോസി വാഗമറ്റത്തിന്റെയും ജോയ്സിയുടെയും നാട്. ഒരുകാലത്ത് എന്റെ വേദപുസ്തകങ്ങൾ ആയിരുന്ന മനോരമയുടെയും മംഗളത്തിന്റെയും മനോരാജ്യത്തിന്റെയും പൗരധ്വനിയുടെയും നാട്. അക്ഷരങ്ങളിലൂടെ ചരിത്രമെഴുതിയ ആ നാട്ടിൽ ഞാൻ ചെന്നെത്തിയത് എന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും വലിയ ദുരന്തങ്ങൾക്കൊന്നിനു പിറവി നൽകാനാണെന്ന് പിന്നെയും ഒരുപാടു നാളുകൾ വേണ്ടിവന്നു എനിക്കു മനസ്സിലാക്കാൻ.
പിറ്റേന്നു രാവിലെ ഞാൻ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. കലാഭവൻ മണിക്കു വച്ചിരുന്ന പാരലൽ കോളജിലെ പ്യൂണിന്റെ വേഷമായിരുന്നു അത്. പക്ഷേ, സിനിമാതിരക്കുമൂലം മണിക്ക് അവിടെ എത്താൻ കഴിയാത്തതുകൊണ്ട് ആ വേഷം ചെയ്യാൻ പകരക്കാരനെ തിരയുന്ന സമയം. ഏഷ്യാനെറ്റിലെ സിനിമാലയുടെയും കോമിക്കോളയുടെയും അവതാരകനായ എന്നെ അതിലേക്കു നിർദേശിച്ചത് ചിത്രത്തിന്റെ പ്രൊഡ്യൂസറായ കറിയാച്ചൻ ചേട്ടൻ (പ്രേംകുമാർ) ആയിരുന്നു. പതിനൊന്നു സീനുകളാണ് എനിക്ക് ആ ചിത്രത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒൻപതു സീനുകളുടെ ചിത്രീകരണം വളരെ ഭംഗിയായി കഴിഞ്ഞു. ഇനിയുള്ള രണ്ടു സീനുകൾ ഷൂട്ട് ചെയ്യാൻ ജഗതി ശ്രീകുമാറും തിലകനും എത്തണം. അതുവരെ എനിക്കു വിശ്രമമാണ്. രണ്ടുദിവസത്തെ വിശ്രമത്തിനു ശേഷം ഞാൻ വീണ്ടും കോട്ടയത്തെത്തി. ജഗതിച്ചേട്ടനും തിലകൻ ചേട്ടനും അൽപം മദ്യപിച്ചുകൊണ്ടു സംസാരിക്കുന്ന സീനാണ്. ഞാൻ അവർക്കു മദ്യം ഗ്ലാസുകളിൽ പകർന്നു കൊടുക്കുന്നു. സിനിമകളിൽ മദ്യപിക്കുന്ന സീനുകൾ എടുക്കുന്ന സമയത്ത് നടന്മാർ ശരിക്കും മദ്യപിക്കുമെന്ന് അവിടെ തളംകെട്ടി നിന്ന ഗന്ധം എനിക്കു മനസ്സിലാക്കിത്തന്നു. പക്ഷേ, എന്റെ അഭിനയം ജഗതി ശ്രീകുമാറിന് ഒട്ടുംതന്നെ ബോധിച്ചില്ല. അദ്ദേഹം എന്നോടു പറഞ്ഞു: ‘‘അനിയാ, ടൈമിങ് ശരിയല്ല... കൃത്യമായി ചെയ്യൂ.’’ ഞാൻ വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സംവിധായകനു പകരം ജഗതിച്ചേട്ടൻ തന്നെ കട്ട് പറയാൻ തുടങ്ങി. അദ്ദേഹം ഞാൻ ചെയ്യേണ്ട ഭാഗം എന്നെ അഭിനയിച്ചു കാണിച്ചു തന്നു. അദ്ദേഹത്തെപ്പോലെ പ്രഗത്ഭനായ ഒരു നടൻ ചെയ്യുന്നതുപോലെ എന്നെപ്പോലൊരാൾക്കു ചെയ്തു പ്രതിഫലിപ്പിക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും ഞാനതിനു ശ്രമിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ‘അറിയാൻ പാടില്ലെങ്കിൽ ഈ പണിക്കു വരരുതെന്ന്’ അദ്ദേഹം എന്നെ ഉപദേശിച്ചു. ഇതിനെല്ലാം മൂകസാക്ഷിയെന്നോണം എന്റെ തൊട്ടു മുൻപിലായി മലയാളത്തിന്റെ നടന പെരുന്തച്ചനായ തിലകൻ ചേട്ടൻ. ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾക്കു വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ആനന്ദക്കുട്ടൻ ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെയും തൊട്ടടുത്ത് സംവിധായകൻ സിബി മലയിൽ നേരിട്ടും ഈ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. ചുറ്റിലും ഷൂട്ടിങ് കാണാൻ തടിച്ചുകൂടിയ ആളുകൾ. അവരുടെ എല്ലാവരുടെയും മുഖങ്ങളിൽ എന്നെ നോക്കിയുള്ള ചിരി എനിക്കു കാണാമായിരുന്നു. റോമിലെ കൊളോസിയത്തിന്റെ നടുമുറ്റത്ത് ദിവസങ്ങളായി പട്ടിണിക്കിട്ട സിംഹം അടിമയെ കടിച്ചുകീറി തിന്നുന്നതുമായി ഇതിന് അൽപം സാമ്യമില്ലേയെന്ന് എനിക്കപ്പോൾ തോന്നി.
ഞാനും അവരെ നോക്കി ഒന്നു ചിരിച്ചു. മനസ്സില്ലാമനസ്സോടെയാവാം, അന്നത്തെ ഷൂട്ടിങ്ങിനു സംവിധായകൻ പാക്ക് അപ്പ് പറഞ്ഞു. പിറ്റേന്ന് ഉച്ചയ്ക്ക് പ്രൊഡക്‌ഷൻ മാനേജർ പ്രഭാകരൻ ഒരു പ്രൊഡക്‌ഷൻ ബോയിക്കൊപ്പം എനിക്കുള്ള ഭക്ഷണവുമായി ഹോട്ടൽ മുറിയിലെത്തി. പ്രൊഡക്‌ഷൻ ബോയ് കൊണ്ടുവന്ന ആ ആഹാരം ഞാൻ കഴിച്ചു തുടങ്ങി. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട പ്രതിക്കു വിധി നടപ്പിലാക്കുന്നതിനു മുൻപു കൊടുക്കുന്ന ആഹാരം പോലെ സിനിമയിൽ നിന്നുള്ള അവസാനത്തെ ചോറാണ് ഇവൻ ഉണ്ണുന്നതെന്നു പ്രഭാകരൻ ഒരുപക്ഷേ മനസ്സിലെങ്കിലും ചിന്തിച്ചിരിക്കണം. ആഹാരം കഴിച്ചു കഴിഞ്ഞ് എന്നെയും കൂട്ടി പ്രഭാകരൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി. ടിക്കറ്റ് എടുത്തിട്ടു വരാം എന്നുപറഞ്ഞ് അദ്ദേഹം അവിടെനിന്നു പോയി. ഞാൻ പ്രഭാകരനെയും കാത്ത് അവിടെ നിൽപായി. പക്ഷേ, ഇപ്പോൾ വരാമെന്നു പറഞ്ഞുപോയ അദ്ദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. എന്റെ കയ്യിലാണെങ്കിൽ നയാപൈസയുമില്ല. എറണാകുളം ഭാഗത്തേക്കുള്ള ഒരുപാടു ട്രെയിനുകൾ എന്നെ ഒന്ന് ഗൗനിക്കുകപോലും ചെയ്യാതെ അതുവഴി കടന്നുപോയി. ഈ നിൽപ് എത്രനേരം എന്നത് ഒരു ചോദ്യചിഹ്നമായി എന്റെ മുന്നിൽ നിന്നു. റെയിൽവേ സ്റ്റേഷനിലെ കോഫി ഹൗസിനു മുന്നിൽനിന്ന ഒരാൾ എന്നെ കുറച്ചു നേരമായി ശ്രദ്ധിക്കുന്നതു കണ്ട് ഞാൻ അദ്ദേഹത്തെ നോക്കി ഒന്നു ചിരിച്ചു. അദ്ദേഹവും ചിരിച്ചു. ഞാൻ മെല്ലെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. അദ്ദേഹം ഒരു വിദേശമലയാളി ആണെന്നും സണ്ണി എന്നാണ് പേരെന്നും അമ്മയുടെ മരണകർമത്തിന് എത്തിയതാണെന്നും അറിയാൻ കഴിഞ്ഞു. നടന്ന സംഭവങ്ങൾ ഞാൻ അദ്ദേഹത്തിൽനിന്നും മറച്ചുവച്ചു. അതിനു പകരമായി ഒരു നുണ പറഞ്ഞു. ‘‘പഴ്സ് പോക്കറ്റടിച്ചു പോയി. വീട്ടിൽ പോകാൻ പണമില്ല. വണ്ടിക്കൂലിക്കായി ഒരു 20 രൂപ തരണം. അച്ചായന്റെ അഡ്രസ്സ് തന്നാൽ വീട്ടിലെത്തിയ ഉടൻ മണിയോർഡറായി അയച്ചുതരാം.’’ ‘‘തന്റെ ഒരുപാടു പരിപാടികൾ ഞാൻ ഏഷ്യാനെറ്റിൽ കണ്ടിട്ടുണ്ട്. ഒറ്റനോട്ടത്തിൽതന്നെ എനിക്ക് ആളെ മനസ്സിലായി. എന്നാലും ഒന്ന് ഉറപ്പിച്ചിട്ടു പോകാമെന്നു കരുതി ഇവിടെത്തന്നെ നിന്നതാണ്.’’ ഇത്രയും പറഞ്ഞ് പഴ്സിൽനിന്നു പണം എടുത്തുതന്നിട്ട് അദ്ദേഹം തുടർന്നു: ‘‘ഇത് ഒരു നല്ല സൗഹൃദത്തിന്റെ തുടക്കമാകണം. പൈസ തിരിച്ചു തന്ന് അത് ഇല്ലാതാക്കരുത്.’’ അദ്ദേഹത്തോടു നന്ദി പറഞ്ഞു ഞാൻ എറണാകുളത്തേക്കുള്ള ട്രെയിനിൽ കയറി.
ഒന്നുരണ്ട് ആഴ്ചകൾക്കു ശേഷം എറണാകുളത്തു ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് പിആർഒ വാഴൂർ ജോസ് പറഞ്ഞാണ് എന്നെ സിബി മലയിലിന്റെ ചിത്രത്തിൽനിന്നു മാറ്റിയെന്നറിഞ്ഞത്. നീ വരുവോളം സിനിമയിലെ നായകനും അതിലുപരി എന്റെ സുഹൃത്തുമായ ദിലീപ് പോലും ആ സിനിമയിൽനിന്ന് എന്നെ മാറ്റിയ വിവരം പറഞ്ഞില്ലല്ലോ എന്നോർത്ത് മനസ്സു വല്ലാതെ വേദനിച്ചു. കാലങ്ങൾ പിന്നെയും കഴിഞ്ഞു. പല നിറത്തിൽ പല ഭാവത്തിൽ പല രൂപത്തിൽ പറവൂർ പാലത്തിനടിയിലൂടെ ഒരുപാടു വെള്ളം ഒലിച്ചുപോയി.