അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് സിനിമാ സെറ്റില്‍ നിന്ന് ഒരിക്കല്‍ പറഞ്ഞുവിട്ടിട്ടുണ്ട് സലിംകുമാറിനെ. അന്ന് എങ്ങനെയോ തിരികെ വീട്ടിലെത്തി അമ്മയുടെ അടുത്തിരുന്ന് പൊട്ടിക്കരയുകയായിരുന്നു സലിംകുമാര്‍. അമ്മ അന്ന് ആ മകനെ ആശ്വസിപ്പിച്ചു. കാലം കുറേക്കഴിഞ്ഞു. 2006 മാര്‍ച്ചില്‍ എറണാകുളത്ത് പച്ചക്കുതിരയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ 2005 ലെ ഫിലിം അവാര്‍ഡ് പ്രഖ്യാപനം വന്നു. കാക്കനാട്ടെ ഹോട്ടലിലായിരുന്നു അന്ന് എല്ലാവരും.
ദിലീപാകും മികച്ച നടന്‍ എന്ന അഭ്യൂഹം സെറ്റിലാകെ പരന്നു. സംവിധായകന്‍ കമലിന്‍റെ ഫോണിലേക്കും ആളുകള്‍ വിളിച്ചുകൊണ്ടിരുന്നു. അവാര്‍ഡ് പ്രഖ്യാപന സമയത്ത് എല്ലാവരും ഹോട്ടല്‍ റിസപ്ഷനിലെ ടിവിക്ക് മുന്നില്‍ ഇടംപിടിച്ചു. കയ്യടിക്കാന്‍ തയാറായിരുന്നവര്‍ക്ക് പക്ഷേ മറ്റൊരു വാര്‍ത്തയാണ് കേള്‍ക്കേണ്ടി വന്നത്. തന്‍മാത്രയിലെ അഭിനയത്തിന് മോഹന്‍ലാലിനായിരുന്നു 2005 ലെ ഫിലിം അവാര്‍ഡ് ലഭിച്ചത്. ഒരു നിമിഷം എല്ലാവരും മ്ലാനമായി. പെട്ടെന്നാണ് രണ്ടാമത്തെ മികച്ച നടനെ പ്രഖ്യാപിച്ചത്. അത് സലിംകുമാറായിരുന്നു. 'അച്ഛനുറങ്ങാത്ത വീട് ' എന്ന ചിത്രത്തിലെ അഭിനയമാണ് അവാര്‍ഡിന് അര്‍ഹമായത്.
സംവിധായകന്‍ കമല്‍ ഓടിയെത്തി സലിംകുമാറിനെ കെട്ടിപ്പിടിച്ചു. യൂണിറ്റംഗങ്ങളെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ സലിംകുമാറിന് കണ്ണില്‍ ഇരുട്ടുകയറുന്നത് പോലെയാണ് തോന്നിയതെന്നായിരുന്നു അതേക്കുറിച്ച് താരം പറഞ്ഞത്. അന്നത്തെ മന്ത്രി എ.പി.അനില്‍കുമാറിനൊപ്പം തൊട്ടടുത്ത കസേരയില്‍ സിബി മലയില്‍ ഇരിപ്പുണ്ടായിരുന്നു. ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞുവിട്ട അതേ സിബി മലയില്‍. ആ നിമിഷം സലിംകുമാറിന് സഹിക്കാനായില്ല. അന്ന് പറഞ്ഞുവിട്ടയാള്‍ തന്നെ ഇന്ന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്ത വാര്‍ത്ത കേള്‍ക്കാന്‍ അമ്മയില്ലല്ലോ എന്നോര്‍ത്ത സലിംകുമാര്‍ ബാത്റൂമിലേക്ക് ഓടിക്കയറി കതക് കുറ്റിയിട്ട് മതിയാകുവോളം കരഞ്ഞു.
വീണ്ടും സലിംകുമാറിനെ തേടി പുരസ്കാരങ്ങള്‍ എത്തി. 2012 ല്‍ മികച്ച ഹാസ്യനടനായി. അന്നത്തെ ജൂറി ചെയര്‍മാനും സിബിമലയിലായിരുന്നു. ആദ്യ പുരസ്കാരം ആറന്‍മുള പൊന്നമ്മയില്‍ നിന്നാണ് സലിംകുമാര്‍ ഏറ്റുവാങ്ങിയത്. അന്ന് രാത്രി സിബിമലയിലിനൊപ്പമായിരുന്നു അത്താഴം. 'ആ സമയത്ത് എന്നെ ആരോ പിറകിൽ നിന്നു വിളിക്കുന്നു; ഹോട്ടലിന്റെ ഒഴിഞ്ഞ മൂലയിൽ പണ്ട് വണ്ടിക്കൂലിക്കു പണമില്ലാതെ നിന്ന ആ പഴയ സലിംകുമാർ എന്നെ നോക്കി പുഞ്ചിരിക്കുന്നതു പോലെ തോന്നി. സിബി സാറിനോട് അന്നും ഇന്നും എനിക്ക് ആദരവും ബഹുമാനവും മാത്രമേയുള്ളൂ. കാരണം, ഇതൊന്നും അദ്ദേഹം മനഃപൂർവം ചെയ്തതല്ല എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. കാലം അദ്ദേഹത്തെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചതാണ്. കാലം അങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ എനിക്കുവേണ്ടി ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ അനുഭവകഥകൾ വെറും വെള്ളക്കടലാസ് ആയിപ്പോയേനെ'- എന്നായിരുന്നു ആ കാലങ്ങളെ കുറച്ച് സലിംകുമാര്‍ പിന്നീടെഴുതിയത്.