salim-kumar-dialogues

ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നതായിരുന്നു സലിംകുമാറിന്‍റെ ഓരോ സിനിമാ ഡയലോഗുകളും. ഏത് പിരിമുറുക്കത്തിനിടയിലും രംഗമൊന്നയയ്ക്കാന്‍ സലിംകുമാറിന്‍റെ ഡയലോഗുകള്‍ മലയാളി എടുത്തുവീശി. 'ഇത്രയും ഫേമസായ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡത്തെണ്ടീ' എന്ന വിളികൊണ്ട് ഐസ് ബ്രേക്ക് ചെയ്ത് തുടങ്ങിയാല്‍ ഏത് പരിപാടിയും പൂര്‍ത്തിയാകുമ്പോള്‍ നമ്മളിപ്പോഴും നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്നത് പുലിവാല്‍ കല്യാണത്തിലെ സലിംകുമാറിന്‍റെ വാക്കുകള്‍ കടമെടുത്താണ്. 'കേരള ഫയര്‍ഫോഴ്സിനും ഇവിടുത്തെ നാട്ടുകാര്‍ക്കും, മണവാളന്‍ ആന്‍റ് സണ്‍സിന്‍റെ പേരിലും എന്‍റെ വ്യക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തുന്നു'വെന്ന് പറഞ്ഞ് തീരുമ്പോഴേക്കും കൂട്ടം കൂടിയിരിക്കുന്നവരുടെ മുഖത്തെല്ലാം ചിരി നിറയുന്നതും സ്വാഭാവികം.

ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കൊറിക്കാനെടുക്കുമ്പോള്‍ കുഞ്ഞിക്കൂനനിലെ ' എനിക്ക് വിശപ്പിന്‍റെ അസുഖം ഉണ്ടേ' എന്ന ഡയലോഗും മലയാളിയുടെ നാവിന്‍ തുമ്പിലെത്തും. ഇടയ്ക്കിത്തിരി ജാഡയിറക്കാന്‍ 'നിങ്ങള്‍ക്ക് ആവശ്യമുള്ളത് പണമാണ്, എന്‍റെ കയ്യില്‍ ആവശ്യത്തില്‍ കൂടുതലുള്ളതും പണമാണ്' എന്ന് പറയാനും നമ്മള്‍ മടിക്കാറില്ല. വേനല്‍ക്കാലത്ത് ഉഷ്ണിച്ച് പുകയുമ്പോള്‍ കയ്യില്‍ കിട്ടിയതെടുത്ത് വീശി 'ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ' എന്നുരുവിടാത്തവര്‍ ആരുണ്ട്?

ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായാ? എന്നും ധിധക്കെ എന്ത് എന്ന മായാവിയിലെ ഡയലോഗും, സവാള ഗിരിഗിരിയുമെല്ലാം നിത്യ ജീവിതത്തിന്‍റെഭാഗം. കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, ഒടുക്കത്തെ ബുദ്ധിയാ എന്ന് പറയാത്തവരും ചുരുക്കമാകും. തൊമ്മനും മക്കളും എന്ന ചിത്രത്തിലെ 'ഞങ്ങള് പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട, അപ്പൂപ്പന്‍ ഗുണ്ട.. എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി എന്ന് പറഞ്ഞുള്ള സലിംകുമാറിന്‍റെ നില്‍പ്പില്‍ ചില്ലറയൊന്നുമല്ല മലയാളി ചിരിച്ചുമറിഞ്ഞത്.

ENGLISH SUMMARY:

Malayala Manorama Online News highlights the evergreen comedy dialogues of actor Salim Kumar, which have brought immense laughter to Malayali audiences for years. His iconic lines from films like 'Pulival Kalyanam,' 'Kunjikkoonan,' and 'Mayavi' continue to be popular references in everyday life.