മലയാളസാഹിത്യത്തിൽ ഭ്രമാത്മകതയുടെ താക്കോല്‍ എഴുത്തിലൊളിപ്പിച്ച കഥാകാരന് ശതാഭിഷേകം. പാണ്ഡവപുരവും, മറുപുറവും, നിയോഗവുമുൾപ്പെടെ നിരവധി കൃതികൾ നമുക്കുതന്ന സേതുവിന് 84 തികയുന്നത് പരിസ്ഥിതി ദിനത്തിലാണ്. ശതാഭിഷേക നിറവിലും എഴുത്തിന്റെ പച്ചപ്പ് മങ്ങാതെ കാക്കുകയാണ് കഥാകാരൻ.
ജനനം പരിസ്ഥിതി ദിനത്തിൽ ആയതുകൊണ്ടാകാം സേതുവിന്റെ വലിയ ഇഷ്ടങ്ങളിലൊന്ന് ചെടികളും പൂക്കളുമാണ്. ആരോഗ്യം നന്നായനുവദിച്ച നാളുകളിൽ കൃഷിയും ചെയ്തു. തന്നിലെ എഴുത്തുകാരനെയും, എഴുത്തിനെയും നട്ടുനനച്ചപോലെ അവയെയും സേതു പരിലാളിച്ചിരുന്നു. സേതുവിന്റെ കൃതികളിലൊന്നിന്റെ പേര് നിയോഗം എന്നാകുന്നു. ജീവിതത്തിൽ കിട്ടിയതൊക്കെയും, ആയിരം പൂർണചന്ദ്രന്മാരെ കണ്ടതും, എഴുത്തും എല്ലാം ആ കൃതിയുടെപേരുപോലെ നിയോഗമായാണ് സേതു വിലയിരുത്തുന്നത്.
ആധുനികത കത്തിനില്‍ക്കുന്ന കാലത്താണ് എള്ളിൻ പൂമണം പോലെ സേതു കഥയുടെ താളുകളിലേക്ക് രംഗപ്രവേശം ചെയ്തത്. വിഭ്രാത്മകതയും, ഭീതിയും, അസ്വാസ്ഥ്യങ്ങളും, വിഭിന്ന മുഖങ്ങളും പിളര്‍ന്ന മനസ്സുകളും, എഴുത്തില്‍ സന്നിവേശിപ്പിച്ചു. പച്ചമണ്ണിന്റെ ഗന്ധം മുതല്‍ തിരക്കിട്ടുപായുന്ന മഹാനഗരങ്ങളുടെ അസ്വസ്ഥവരെ സേതുവിന്റെ എഴുത്ത്തിൽ നിറഞ്ഞു. സാഹിത്യത്തിൽ അനവധി പുരസ്കാരങ്ങൾ നേടിയ സേതു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചത്. പാണ്ഡവപുരത്തിലെ ദേവിയുടെ കഥ മുതൽ കേരളത്തിലെ കറുത്തജൂതരുടെ കഥ പറഞ്ഞ ആലിയ വരെ എഴുതിയ കഥാകാരന് ജന്മദിനാശംസകൾ.