ഉപയോഗശൂന്യമായ ചെരുപ്പുകൾ ഉപേക്ഷിക്കുന്നവർക്കിടയിൽ അതേ ചെരുപ്പുകൾ കൊണ്ട് കൗതുകമുണർത്തുകയാണ് കണ്ണൂർ കരിവെള്ളൂരിലെ ആദിൽദേവ്. വാഹനങ്ങളുടെ മിനിയേച്ചറുണ്ടാക്കിയാണ് ഈ വിദ്യാർഥി കാഴ്ചക്കാരെ ഞെട്ടിക്കുന്നത്.
വെറുമൊരു ഏഴാം ക്ലാസുകാരന്റെ കഴിവല്ല ആദിൽദേവിന്റേത്. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ കൊച്ചുരൂപങ്ങളാണ് അവൻ പഴയ ചെരുപ്പുകൾ കൊണ്ട് നിർമിച്ചെടുത്തത്. വലിയമ്മയുടെ മകൻ വണ്ടിയോടിക്കുന്നത് കണ്ടതുമുതൽ തുടങ്ങിയതാണ് വണ്ടികളോടുള്ള ഈ പ്രിയം. പിന്നീട് അത് മിനിയേച്ചറുകൾ നിർമിക്കുന്നതിലേക്ക് വഴിമാറി. ടൂറിസ്റ്റ് ബസുകളോടാണ് ആദിലിന് ഏറെ താല്പര്യം.
ഏറെ സമയമെടുത്താണ് ആദിൽദേവിന്റെ ഓരോ നിർമാണവും പൂർത്തിയാകുന്നത്. ആവശ്യക്കാരുണ്ടെങ്കിൽ അവരുടെ ഇഷ്ടവാഹനം അതേപടി മിനിയേച്ചറാക്കി നൽകാനും ഈ കൊച്ചു കലാകാരൻ തയ്യാറാണ്. പെരളം എ.യു.പി സ്കൂളിലെ വിദ്യാർഥിയായ ആദിൽദേവ് ഭാവിയിൽ ഒരു വലിയ വാഹനപ്രേമിയാകുമെന്ന് ഉറപ്പ്.