മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് വിവാദമുണ്ടാക്കിയ സ്കൂള്‍ പ്രിന്‍സിപ്പല്‍, വിരമിക്കലിന് ശേഷം സ്വാതന്ത്ര്യത്തെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്ത്. 'അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ പുതുയുഗത്തിലേക്ക്' എന്നാണ് പുതിയ പോസ്റ്റ്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് ആറ്റിങ്ങൽ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന ജവാദ് സുബൈറിന്‍റെ കുറിപ്പ്. മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ജവാദ് സുബൈറിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിർദേശിച്ചിരുന്നു.
വിരമിക്കാന്‍ രണ്ടുദിവസം മാത്രമുള്ളപ്പോഴാണ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചതും വിവാദമായതും. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു നടപടി. വിഷയത്തില്‍ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്‍റെ ഓഫിസോ ജവാദിനെതിരെ പരാതി നല്‍കിയിരുന്നില്ല.
പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള നടപടി. വിരമിക്കാന്‍ രണ്ട് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.