ഒരു അധ്യയന വർഷം തുടങ്ങുമ്പോൾ തന്നെ അടുത്ത അധ്യയന വർഷത്തെ പുസ്തക നിർമാണ, അച്ചടി പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതായിരുന്നു താൻ പൊതുവിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഉള്ള രീതിയെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. പിന്നീടങ്ങോട്ട് തുടർച്ചയായി യോഗങ്ങൾ വേണ്ടി വരും. ഇതിനിടയിൽ അച്ചടി കടലാസുകളുടെ ക്ഷാമം മുതൽ പലതരത്തിലുള്ള പ്രതിസന്ധികൾ കടന്നു വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അതിനെയൊക്കെ മറികടന്നാണ് അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്നത്.

വോട്ടെണ്ണൽ കഴിഞ്ഞ് യു ഡി എഫ് മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് പാഠപുസ്തക അച്ചടി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ കൃത്യസമയത്ത് പുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തില്ല എന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നു. ചില യു ഡി എഫ് പോഷക സംഘടനാ നേതാക്കളുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ഈ വാർത്തകൾ വന്നിരുന്നത്. 

ആ ഘട്ടത്തിൽ പലരും എന്റെ പ്രതികരണം ചോദിച്ചിരുന്നെങ്കിലും നമ്മൾ നടപ്പിൽ വരുത്തിയ പാഠപുസ്തക അച്ചടി, വിതരണ പ്രവൃത്തികളുടെ ശാസ്ത്രീയതയിൽ വിശ്വാസമുണ്ടായിരുന്നതിനാൽ കാത്തിരുന്നു കാണാം എന്നാണ് പറഞ്ഞത്. പോകുന്ന പോക്കിൽ മന്ത്രി അപ്പൂപ്പൻ കുഞ്ഞുങ്ങൾക്ക് പണികൊടുത്തു പോയി എന്നതരത്തിൽ എന്നെ വ്യക്തിപരമായി തന്നെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ട്രോളുകളും ഞാൻ കണ്ടിരുന്നു. 

വേണ്ട പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ  എത്തിച്ചേർന്നിരിക്കുന്നു എന്ന് ഇപ്പോൾ നിലവിലെ പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി കഴിഞ്ഞു. നല്ലത്, എല്ലാവർക്കും അഭിനന്ദനങ്ങൾ. പുതിയ ക്ലാസ് മുറികളിൽ എത്തിച്ചേരുന്ന എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം. കളിയും ചിരിയും പഠനവുമായി നിങ്ങൾ മുന്നേറുക.ഒപ്പമുണ്ട് അപ്പൂപ്പൻ. – അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

V Sivankutty emphasizes the importance of proactive textbook printing and distribution to ensure students receive their learning materials on time. He highlights the success of the current government in delivering textbooks before the academic year begins, overcoming potential challenges.