മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്ഡില്‍ സിപിഎം നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിലും പിണറായിയുടെ വീട്ടില്‍ നടന്ന ഇഡി റെയിഡിലും സിപിഎം സ്വീകരിച്ച വ്യത്യസ്ത നിലപാടിനെയാണ് ജോയ് മാത്യു വിമര്‍ശിച്ചത്.
'ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇ.ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ വിജയൻറെ മകളുടെ കേസിൽ, റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ... അത് കാണാതെ പോകരുത്. ശരിയായ കോടിയേരി രക്തം. പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുത്,' ജോയ് മാത്യു കുറിച്ചു.
2020-ല്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടന്നപ്പോൾ ‘മകൻ ചെയ്തതിന് പാർട്ടിക്ക് ഉത്തരവാദിത്തമില്ല‘ എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ‘ഇത് ഒരന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. എന്താണ് അവരുടെ കയ്യിലുള്ളതെന്ന് അറിയാതെ അതു സംബന്ധിച്ച് ഒന്നും പറയാനാകില്ല. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യം നടന്നിട്ടുണ്ടെങ്കിൽ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ കുടുംബം സ്വീകരിക്കും,' എന്നാണ് അന്ന് പിണറായി വിജയന്‍ പറഞ്ഞത്. ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാർട്ടി അദ്ദേഹത്തിന്റെ അംഗത്വം മരവിപ്പിക്കുകയും ചെയ്തിരുന്നു. 2023ല്‍ കോടതി ബിനീഷിനെ കുറ്റവിമുക്തനാക്കിയിട്ടും അഗത്വം പാര്‍ട്ടി പുനസ്ഥാപിച്ചില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വീടിനുമുൻപിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിക്കാനെത്തിയ ബിനീഷ് പറഞ്ഞത് പിണറായിയുടെ കുടുംബം പാർട്ടി കുടുംബമെന്ന നിലയിൽ തന്റെ കൂടി കുടുംബമാണെന്നായിരുന്നു. എനിക്കൊരു പ്രശ്നം വന്നപ്പോൾ മറ്റുള്ളവരെല്ലാം എങ്ങനെ ചിന്തിച്ചുവെന്നു ഞാൻ നോക്കേണ്ട അവസരമല്ല ഇത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടിനൊപ്പമാണ്. സഖാവ് കോടിയേരി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എടുക്കുമായിരുന്ന നിലപാട് എന്താണോ അതാണു താന്‍ എടുക്കുന്നതെന്നും ബിനീഷ് പറഞ്ഞു.