തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ.ഡി. സംഘത്തെ ആക്രമിച്ച കേസില്‍ അവസാനം അറസ്റ്റിലായത് സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനുവാണ്. തന്നെ പിടിച്ചതല്ലെന്നും പിടി കൊടുക്കുകയാണെന്നും അറസ്റ്റിലാകുന്നതിന് മുന്‍പിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100 ശതമാനം ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് തന്‍റെ നിലപാടും ശരിയുമെന്നും ഐപി ബിനു പറയുന്നു. പിണറായിയെയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റെയ്ഡ് വിമർശനാത്മകവും പരിഹാസ്യവുമാണ്. തുള്ളിവെള്ളം കുടിക്കാന്‍ പോലും അനുവദിക്കാതെ സുപ്രീം കോടതി തള്ളിയ കേസില്‍ എന്ത് റെയ്ഡാണ് നടത്തുന്നതെന്നും ബിനു ചോദിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഐ.പി ബിനുവിനെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ഇന്നലെ പൊലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇദ്ദേഹം ഒളിവിലായിരുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം,
കഴിഞ്ഞദിവസം ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു എന്ന് ആരോപിച്ചുള്ള കേസിലാണ് ഞാൻ പൊലീസിന് മുന്നിൽ എത്തുന്നത്.. പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്.. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്‍റെ നിലപാടും ശരിയും.. അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.. കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റെയ്ഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണ്. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ ഇത് എന്ത് റെയ്ഡ് ആണ്.
ED - VD ഡീൽ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം.. സുപ്രീംകോടതി വരെ തള്ളിയ കേസുകളിൽ എന്തോന്ന് റെയ്‍ഡ് ആണ്... ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സർക്കാർ ഏജൻസികൾ തുടർന്നാൽ... ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവിൽ ഇറങ്ങും.. ഇത് ബംഗാൾ അല്ല കേരളം ആണ്.. പ്രിയപ്പെട്ട സഖാക്കളെ നിങ്ങളാണ് എന്‍റെ ജീവനും കരുത്തും.. ഞാൻ പോയിട്ട് വരാം...
വിപ്ലവ അഭിവാദ്യങ്ങൾ ഐ.പി ബിനു