സിനിമാ താരങ്ങളോടുള്ള ആരാധന റാറ്റൂ ചെയ്യാനും, കുട്ടികള്‍ക്ക് പേരിടാനും ഒക്കെ പ്രേരിപ്പിക്കാറുണ്ടല്ലേ. തമിഴകത്തിന്‍റെ ഇളയദളപതി വിജയ്യോടുള്ള ആരാധകൊണ്ട് ചായക്കടയ്ക്ക് ടിവികെ എന്ന് പേരിട്ടു. തൃശൂര്‍ കൈപ്പമംഗലത്താണ് ഈ ചായക്കട. താരത്തിന്‍റെ കട്ട ഫാനാണ് കടയുടമ. ഇപ്പോള്‍ താരം മാത്രമല്ലല്ലോ മുഖ്യമന്ത്രികൂടിയല്ലേ...
ഒന്‍പത് മാസം കൊണ്ട് ഈ ചായക്കടയും സെലിബ്രിറ്റി ആയിരിക്കുകയാണ്. ഒരുവശത്ത് വിജയും ടിവികെ സഖ്യവും, മറുവശത്ത് കടയുടമ ഷെരീഫിന്‍റെ സ്റ്റൈലന്‍ പോസ്റ്ററും. ഡേയ്... ഡേയ് ഒരു ടീ സാപ്പിട്ട് പോടാ എന്ന് പറയാനും മറന്നില്ല. പക്ഷേ രുചിക്ക് മലാളിത്തം തന്നെയാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കടയില്‍ ആഘോഷമായിരുന്നെന്ന് ഷെരീഫ് പറയുന്നു.
ഷെരീഫിന്‍റെ വാപ്പയുടെ വീട് തമിഴ്നാട് ആണ്. പല സ്ഥലങ്ങളില്‍ നിന്നും ഫാന്‍സിന്‍റെ ഒഴുക്കാണ് ഇങ്ങോട്ടേയ്ക്ക്. വിജയ് കഴിഞ്ഞാല്‍ പിന്നെ മമ്മൂക്കയോടാണ് കൂടുതല്‍ പ്രിയം. കടയുടെ പേര് കൊണ്ട് മാത്രമല്ല ആളുകള്‍ എത്തുന്നത്. നല്ല കടുപ്പമുള്ള ചായയ്ക്കും മൊരിഞ്ഞ എണ്ണ കടികള്‍ക്കും ഫാന്‍സുണ്ട്. ഞങ്ങള്‍ എല്ലാവരും വിജയ് ഫാന്‍സാണെന്നും, പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നേയുള്ളു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. രണ്ട് മണിയ്ക്ക് തുടങ്ങുന്ന കട രാത്രി 12 മണി വരെയുണ്ടാകും.