സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്. താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചാരവനിത എന്ന രീതിയില്‍ പ്രചരണം നടക്കുകയാണെന്നും ഒരു പാര്‍ട്ടിയുടേയും അംഗമല്ല താനെന്നും റിനി വ്യക്തമാക്കി. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ എന്നെ തേജോവധം ചെയുകയും എനിക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നതുമായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചാര വനിത എന്ന രീതിയിൽ വൻ തോതിലുള്ള പ്രചരണം ആണ് നടക്കുന്നത്. ഞാൻ ഒരുപാട്‌ പ്രാവശ്യം വ്യക്തമാക്കിയ കാര്യമാണ്. ഞാൻ ഒരു പാർട്ടിയുടെയും അംഗമോ പ്രവർത്തകയോ അല്ല. എനിക്ക് ശ്രീ വി.ഡി.സതീശനോടുള്ള അടുപ്പം ഒരു പാർട്ടിയെ അടിസ്ഥാനപ്പെടുത്തി ഉള്ളതല്ലെന്നും റിനി പറഞ്ഞു. 

'ഓർമ വെച്ച കാലം മുതൽ അറിയുന്നതും കുടുംബ സുഹൃത്ത് എന്ന നിലയിലുമുള്ള അടുപ്പമാണ്. ഈശ്വര തുല്യനായി കാണുന്നു എന്ന അർഥത്തിൽ മാത്രമാണ് ശ്രീപദ്മനാഭൻ എന്ന പദം ഉപയോഗിച്ചത്. ഈശ്വരന്റെ കരങ്ങൾ ജനങ്ങൾക്കായി  അദ്ദേഹത്തിലൂടെ പ്രവർത്തിക്കട്ടെ എന്ന ആഴത്തിലുള്ള സന്ദേശം ആണ് ഞാൻ അതിൽ അർഥമാക്കിയത്. അതിനെയും അനാവശ്യമായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. എന്നെ സംബന്ധിച്ച് എന്റെ സ്വന്തം പിതാവിന്റെ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി, എന്റെ മാനസ പിതാവിന്റെ പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. ഏതു പാർട്ടി ആണെങ്കിലും തെറ്റുകൾ കണ്ടാൽ ചൂണ്ടി കാണിക്കാനും ശരികളെ അഭിനന്ദിക്കാനും ഇഷ്ടമാണ്,' റിനി പറഞ്ഞു. 

ഞാൻ ടൈസൺ മാഷിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോ ശ്രദ്ധയിൽപെട്ടു. ഞാൻ ഒരു പാർട്ടിക്കു വേണ്ടിയും ഒരു സ്ഥാനാർഥിക്കു വേണ്ടിയും പ്രചരണം നടത്തിയിട്ടില്ല. കലാശക്കൊട്ട് കാണാൻ പോയപ്പോൾ ഇടതു പക്ഷത്തിന്റെ കലാശക്കൊട്ടിന് ഇടയിലൂടെ കടന്നു പോകുന്ന സമയത്തുള്ള ഒരു വിഡിയോ മാത്രമാണ് അത്. എന്നെ കണ്ടപ്പോൾ പലരും വിഡിയോ എടുക്കുകയും പലരും അടുത്ത് വരികയും ഞാൻ അവരോട് എല്ലാം ചിരിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ഞാൻ ആർക്കു വേണ്ടിയും മുദ്രവാക്യം വിളിച്ചിട്ടില്ല.

ഒരു കലാകാരി, അവതാരക, മാധ്യമ പ്രവർത്തക എന്നീ നിലയിൽ എനിക്ക് പല നേതാക്കന്മാരുമായും പരിചയം ഉണ്ട്. സൗഹൃദങ്ങൾ ഉണ്ട്. അങ്ങനെ ഉള്ള അവസരങ്ങളിൽ ഫോട്ടോകൾ എടുക്കുന്നത് വളരെ സ്വാഭാവികമായ കാര്യങ്ങൾ മാത്രമാണലോ. അതെല്ലാം മറ്റൊരു അർത്ഥത്തിൽ വ്യാഖ്യനിക്കാനുള്ള ഒരു ഗൂഢ ശ്രമം നടക്കുകയാണ്. എന്നെ മോശക്കാരി ആയി ചിത്രീകരിച്ചു പൊതുബോധം സൃഷ്ടിച്ചു എനിക്ക് സാമൂഹ്യ വിലക്ക് ഏർപ്പെടുത്തുക എന്ന രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ടേക്ക് പോകുന്നത്. ഞാൻ സത്യപ്രതിജ്ഞ ചടങ്ങിൽ വന്നതിനെയും ചോദ്യം ചെയ്യുകയാണ്. ഞാൻ വന്നു സത്യപ്രതിജ്ഞ അലങ്കോലപ്പെടുത്തി എന്ന തരത്തിൽ പോലും വാർത്തകൾ സൃഷ്ടിക്കുകയാണ്. കേരളത്തിലെ ഏതൊരു വ്യക്തിക്കും അവിടെ കടന്നു വരാൻ അവകാശം ഉണ്ടലോ, റിനി ചോദിച്ചു. 

കേസുകളിൽ അകപ്പെട്ടിരിക്കുന്ന പാർട്ടി പുറത്താക്കിയ വ്യക്തി വന്നതിൽ പോലും ജനാധിപത്യപരമായി തെറ്റാണെന്ന് പറയുകയോ ഞാൻ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് എനിക്ക് മാത്രം അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് എന്റെ മാത്രം ജനാധിപത്യ അവകാശത്തിന് നേരെ കൂക്കി വിളികൾ ഉയരുന്നത്? എനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് മാത്രമാണ് ഞാൻ വിവരിച്ചത്. ഒരു പാർട്ടിയെയോ ഒരു വ്യക്തിയേയോ പേരെടുത്തു ഞാൻ വിമർശിച്ചിട്ടില്ല പിന്നെ എങ്ങനെയാണ് ഞാൻ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നത് ? ഒരു സ്ത്രീ എന്ന നിലയിൽ ധാർമികമായി ഞാൻ ഇരകളായ പെൺകുട്ടികൾക്കൊപ്പം നിലപാടെടുത്തു. നിശ്ശബ്ദരാക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ് ?

ഈ ഒരു വിഷയത്തിന്റെ പേരിൽ മാസങ്ങളായി എന്നെ നിരന്തരം ആസൂത്രിതമായി വേട്ടയാടുകയാണ്. അതിൽ ഞാൻ തളരുന്നില്ല എന്ന് മനസ്സിലാക്കി എനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാം‌പെയ്​ന്‍ തന്നെ  അഴിച്ചുവിട്ടിരിക്കുകയാണ്. എന്നെ നേരിട്ടു കയ്യേറ്റം ചെയ്യാനും ആക്രമിക്കാനും സോഷ്യൽ മീഡിയയിലൂടെ വൻ തോതിലുള്ള ആഹ്വാനം നടക്കുന്നുണ്ട്. പല കോണുകളിൽ നിന്ന് ഭീഷണികളും ഉയരുന്നുണ്ട്. ഈ ഗൂഢ സംഘം ഇനിയും പലവിധത്തിൽ എനിക്കെതിരെ കുപ്രചാരങ്ങൾ നടത്തും എന്ന ബോധ്യം എനിക്കുണ്ട്. എല്ലാത്തിനും ഞാൻ മാനസികമായി തയാറെടുത്തു കഴിഞ്ഞു. ഇത്തരം കള്ളപ്രചരണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല എന്നത് കൊണ്ട് തന്നെയാണ് ഇത്രയും നാൾ മൗനമായി ഇരുന്നതും. എന്നാൽ ഇതെല്ലം കാണുന്ന പല നിഷ്പക്ഷരായ വ്യക്തികളും പൊതുജനവും എന്നെ തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോൾ  ഇങ്ങനെ ഒരു വിശദീകരണത്തിന് തയ്യാറായതെന്നും റിനി പറ‍ഞ്ഞു. 

ENGLISH SUMMARY:

Rini Ann George has responded to social media trolling, clarifying her stance on political affiliations and personal relationships. She emphasized that she is not affiliated with any political party and her connections are based on personal relationships rather than political ideologies, aiming to dispel misinformation circulating online.