കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്‍ എടുത്ത VB 135452 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഭാഗ്യം ലഭിച്ചത്. കരുനാഗപ്പള്ളിയിലെ അമ്മ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തിലാണ് ഭാഗ്യം കടാക്ഷിച്ചതെന്ന് പൊന്നനും കുടുംബവും പറയുന്നു.
വര്‍ഷങ്ങളായി ലോട്ടറി വിറ്റാണ പൊന്നനും കുടുംബവും ഉപജീവനം നടത്തുന്നത്. നേരത്തെ ലോട്ടറി കച്ചവടം നടത്തിയിരുന്ന പൊന്നനും ഭാര്യ രാധാമണിയും ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഇപ്പോള്‍ ലോട്ടറി വില്‍ക്കുന്നില്ല. ശാരീക ബുദ്ധിമുട്ടുള്ള മകന്‍ വിനോദ് നടന്നാണ് ടിക്കറ്റ് വില്‍ക്കുന്നത്.
മകന് സുഖമില്ലാത്ത ദിവസം, വില്‍പ്പനയ്ക്കുള്ള ലോട്ടറി വാങ്ങാനായി അമ്മ ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോഴാണ് സമ്മാനമടിച്ച ബംപര്‍ ലോട്ടറി പൊന്നന്‍ വാങ്ങുന്നത്. 'രണ്ടാണ് ഭാഗ്യ നമ്പര്‍, കണ്ട ഉടനെ തട്ടില്‍ കിടക്കുന്ന ലോട്ടറിയെടുത്തു' എന്ന് പൊന്നന്‍ പറഞ്ഞു. 'സ്വന്തം ആവശ്യത്തിന് വാങ്ങിയ ടിക്കറ്റിനാണ് ലോട്ടറിയടിച്ചത്. വീടിന് പണിയുണ്ട് അത് ചെയ്ത് തീര്‍ക്കണം. കടങ്ങള്‍ വീട്ടണം. മകനൊരു കല്യാണം വേണം.. കാശില്ലാത്ത് കൊണ്ടല്ലെ നടക്കാത്തത്. ഇനി വരുമോ എന്ന് നോക്കാം' എന്നും പൊന്നനന്‍ പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയത്താണ് കുടുംബത്തിന് ലോട്ടറി അടിക്കുന്നത്. വീടിനായി എടുത്ത് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടായപ്പോള്‍ ജപ്തിയുടെ വക്കിലെത്തി. നോട്ടു നിരോധനത്തിന്‍റെ കാലത്ത് വരുമാനമില്ലാഞ്ഞതോെട വായ്പ തിരിച്ചടവ് മുടങ്ങി. പലരുടെയും സഹായത്തോടെയാണ് വായ്പ തിരിച്ചടച്ചതെന്നും പൊന്നന്‍ പറഞ്ഞു.