Image Credit: https://www.facebook.com/chithra.abhay/photos/ Ai Generated Image

കിടപ്പുരോഗികളെ പരിചരിക്കുമ്പോള്‍ ‌അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. പുറമെ മുറിവോ തിണര്‍പ്പോ മറ്റോ കണ്ടില്ലെങ്കിലും രോഗി അനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടും പരിചരിക്കുന്നവര്‍ക്ക് മനസിലായെന്ന് വരില്ല. അത്തരമൊരു സംഭവത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് നഴ്സായി ജോലി ചെയ്യുന്ന ചിത്ര അഭയ്. ഇന്ന് എന്റെ ഹോം നഴ്സിംഗ് ഡ്യൂട്ടിയിൽ ഒരുപാട് വിഷമിച്ച ദിവസം ആണെന്ന് പറ‍ഞ്ഞുകൊണ്ടാണ് വൈകാരിക കുറിപ്പ് ചിത്ര പങ്കുവച്ചിരിക്കുന്നത്. ചിത്രയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പേരാണ് ചിത്രയുടെ വാക്കുകള്‍ സമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കുന്നതാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

പ്രായമായ ഒരച്ഛന്‍റെ യൂറിന്‍ ട്യൂബ് മാറ്റാന്‍ അദ്ദേഹത്തിന്‍റെ കുടുംബം വിളിച്ചറിയിച്ച പ്രകാരം പോയതാണ് താനെന്നാണ് ചിത്ര പറയുന്നത്. അവിടെ കണ്ടത് കണ്ണുനിറയ്ക്കുന്ന കാഴ്ച്ചയാണെന്നും ഇനിയാര്‍ക്കും അങ്ങനെയൊരു അവസ്ഥ വരരുതെന്നും ചിത്ര പറയുന്നു. ചിത്ര പങ്കുവച്ച കുറിപ്പില്‍ പറയുന്നതിങ്ങനെ... 'ഒരാഴ്ചയ്ക്ക് ശേഷമാണ് യൂറിന്‍ ട്യൂബ് മാറ്റുന്നത്. യൂറിന്‍ ട്യൂബിന് ബ്ലോക്കോ മറ്റുപ്രശ്നങ്ങളോ ഇല്ല. കിടപ്പുരോഗിയായ ആ അച്ഛന്‍റെ സ്വകാര്യഭാഗം വിങ്ങി വീര്‍ത്തിരിക്കുന്നത് കണ്ട് ബെറ്റാഡിന്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം പരിശോധിച്ചപ്പോഴാണ് അവിടമാകെ അണുബാധയേറ്റിരിക്കുന്നതായി കണ്ടത്'.

'കൂടുതല്‍ പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്തിനകത്ത് നിന്നും വെളുത്ത ചെറിയ പുഴുക്കള്‍ അരിച്ചിറങ്ങുന്നതും കണ്ടു. പെട്ടെന്ന് തന്നെ നോര്‍മല്‍ സലൈന്‍ ഉപയോഗിച്ച് ശ്രദ്ധയോടെ വൃത്തിയാക്കി. മകനെയും, ഭാര്യയെയും വിളിച്ചു കാണിക്കുകയും ..അതോടൊപ്പം അവിടെ വൃത്തിയാക്കുന്ന രീതിയും കാണിച്ചു കൊടുത്തെന്നും ചിത്ര പറയുന്നു. യൂറിന്‍ ട്യൂബ് അഥവാ കാത്തറ്റര്‍ ഉളള രോഗികളെ വെറുതെ കുളിപ്പിക്കുക മാത്രം ചെയ്തത് കൊണ്ടായില്ലെന്നും അവരുടെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ചിത്ര പറയുന്നു. 'ആ മിണ്ടാൻ ആകാതെ കിടക്കുന്ന അച്ഛന്റെ വേദന.. ഇനി ആർക്കും ഉണ്ടാവരുത്....ഒന്ന് ശ്രദ്ധിക്കണേ' എന്നുപറഞ്ഞുകൊണ്ടാണ് ചിത്ര തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം ചിത്രയുടെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ സ്വന്തം കുടുംബത്തിലെ അനുഭവങ്ങള്‍ പങ്കുവച്ചും ചിത്ര പറയുന്ന കാര്യങ്ങളെ അംഗീകരിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കിടപ്പുരോഗികള്‍ക്ക് പലപ്പോഴും അവരുടെ വേദനകളും ബുദ്ധിമുട്ടുകളും പ്രകടമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ അവരെ പരിചരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് എപ്പോഴും അനിവാര്യമാണെന്ന് ചിത്രയുടെ പോസ്റ്റ് വ്യക്തമാക്കുന്നു.

ENGLISH SUMMARY:

No Father Should Suffer in Silence Like That Again”; Nurse Shares Emotional Experience