നാളെകളിൽ ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവരുടെ നേരെ ഒരിക്കലും പൊലീസിൻ്റെ അതിക്രമമുണ്ടാവരുതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ നവകേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തിന് യുഡിഎഫ് സർക്കാർ പ്രത്യേക സംഘം രൂപീകരിച്ച പശ്ചാത്തലത്തിലാണ് ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

'നാളെകളിൽ ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർക്ക്, അവർ എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാരോ ,എബിവിപി, യുവമോർച്ചക്കാരോ, കെഎസ് യു, യൂത്ത് കോൺഗ്രസുകാരോ ആരുമായിക്കോട്ടെ, അവർക്ക് നേരെ ഒരിക്കലും പൊലീസിൻ്റെ അതിക്രമമുണ്ടാവരുത്, അമിതാധികാര പ്രയോഗങ്ങളുണ്ടാവരുത്. അക്രമം നടക്കുമ്പോൾ അക്രമകാരികളെ തടയാൻ/കീഴ്പ്പെടുത്താൻ, അക്രമം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അവസരങ്ങളിൽ അതിന് തുനിയുന്ന ആൾക്കൂട്ടത്തെ ഡിസ്പേഴ്സ് ചെയ്യാൻ,  എത്രത്തോളം ഫോഴ്‌സ് ഉപയോഗിക്കാമോ അത്രത്തോളം മാത്രം ബലപ്രയോഗത്തിനേ പൊലീസിന് അധികാരമുള്ളൂ. അതിൽക്കൂടുതലുള്ള ഒന്നും ഒരു ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല.

ഗുണ്ടാത്തലവൻ്റെ പ്രേരണയാൽ വിദ്യാർത്ഥികളുടെ തല തല്ലിപ്പൊളിക്കാനിറങ്ങിയ എല്ലാ ക്രിമിനലുകളേയും നിയമത്തിൻ്റെ കരുത്തിൽ നിലക്കുനിർത്താനും മാതൃകാപരമായി ശിക്ഷിക്കാനും ഈ പുതിയ അന്വേഷണത്തിനും നടപടികൾക്കും സാധിക്കട്ടെ. നിയമവാഴ്ചയിലേക്കുള്ള നല്ല തുടക്കങ്ങൾ ഉണ്ടാവട്ടെ'. – ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2024 ഡിസംബര്‍ 15ന് നവകേരള യാത്രയുടെ ബസ് ആലപ്പുഴയിലൂടെ കടന്ന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ കാത്തുനിന്ന നിലവിലെ ആലപ്പുഴ എംഎല്‍എയും അന്നത്തെ കെഎസ്​യു ജില്ലാ പ്രസിഡന്റുമായ എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവര്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇവരെ നടുറോഡിലിട്ട് പിണറായി വിജയന്‍റെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ‍ ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ന് പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയാറായിരുന്നില്ല. 

ENGLISH SUMMARY:

VT Balram, a Congress MLA, has called for an end to police brutality against individuals organizing democratic and peaceful protests. His statement comes after the UDF government formed a special team to investigate the alleged assault on Congress workers during the Navakerala Yatra.