കേരളത്തിന്‍റെ 24–ാം മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങ് നിരവധി പ്രത്യേകതകള്‍ കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടു. ഭരണ–പ്രതിപക്ഷ ഭേദമില്ലാതെ ഇരിപ്പിടങ്ങളൊരുക്കിയ വേദി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ പ്രമുഖര്‍ക്കാണ് കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം ഇരിപ്പിടം ക്രമീകരിച്ചത്.
സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാവേദിയില്‍ ഗവര്‍ണറും, മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രം പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും കൈമാറിയിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെയാണ് 'ടീം കേരളം' സത്യപ്രതിജ്ഞാവേദിയില്‍ അണിനിരന്നത്. നല്ല മാതൃകയും പുതിയ സംസ്കാരവുമാണ് ഇതിലൂടെ യുഡിഎഫ് കാണിച്ചതെന്നും അഭിനന്ദനീയമാണ് ഈ ചേര്‍ത്തുപിടിക്കലും ഐക്യവുമെന്നും സമൂഹമാധ്യമങ്ങളിലും അഭിപ്രായം ഉയര്‍ന്നു. തമിഴ്നാട്ടിലെ സത്യപ്രതിജ്ഞാചടങ്ങില്‍ വേദിയില്‍ രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചിരുന്നു.
അതേസമയം, സത്യപ്രതിജ്ഞാചടങ്ങില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം വന്ദേഭാരതം മുഴുവനായും ആലപിച്ചു. ആറ് ചരണങ്ങള്‍ പാടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശമിറക്കിയിരുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും സാന്നിധ്യത്തിലായിരുന്നു വന്ദേമാതരം ആലപിച്ചത്. രാഹുലും പ്രിയങ്കയും ഖര്‍ഗെയും മറ്റു നേതാക്കളും വന്ദേമാതരം പാടിയില്ല. അതേസമയം, ഗവര്‍ണറും ദീപാദാസ് മുന്‍ഷിയും ഗാനത്തിനൊപ്പം പാടുന്നതും ദൃശ്യമായിരുന്നു. തുടര്‍ന്ന് ദേശീയഗാനവും ചടങ്ങില്‍ മുഴങ്ങി. വന്ദേമാതരത്തിന്‍റെ 150–ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദേശീയഗാനത്തിന് തുല്യമായ പ്രാധാന്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ജനുവരി 28ന് ഉത്തരവിറങ്ങിയത്.