പൊതുവഴിയില്‍ യുവാക്കളില്‍ നിന്നും നേരിട്ട ദുനുഭവം പങ്കുവച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍. രാത്രി സിനിമക്ക് പോയി തിരിച്ചുവന്നപ്പോള്‍ തട്ടുകടയില്‍ വച്ച് യുവാക്കള്‍ കമന്‍റടിച്ചുവെന്നും പൊലീസിനെ വിളിച്ചപ്പോള്‍ കൃത്യമായ ഇടപെടലാണ് നടത്തിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
മ്യൂസിയം പോലീസിനോട് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി കുറിപ്പ് പങ്കുവച്ചത്. 'ഞാൻ ഇന്നലെ രാത്രി 9.30 ക്കു അതിരടി എന്ന സിനിമ കാണാൻ പോയി 12 മുക്കാല് ആയപ്പോൾ ഒരു തട്ടുകടയിൽ ഫുഡ് കഴിക്കാൻ കയറിയത് ആയിരുന്നു. എൻ്റെ ബുദ്ധിസ്റ്റ് സുഹൃത്ത് നാഗരത്ന ജുവല്‍ ചേട്ടനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ പൊറോട്ട മേടിച്ച് കഴിക്കാൻ തുടങ്ങിയതും അപ്പുറത്ത് ഇരുന്ന രണ്ടു ചെറുപ്പക്കാർ എന്നെ ഉദ്ദേശിച്ച് കമൻ്റ് അടിക്കാൻ തുടങ്ങി. കുറെ നേരം ഞാൻ പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി സഹിച്ച് സഹിച്ചു നിന്നു.
പിന്നെ അവർ നിർത്താതെ ആയപ്പോൾ ഞാൻ അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഇരുന്നു. സ്കൂളിൽ ക്ലാസിൽ ബഹളം വെയ്ക്കുന്ന കുട്ടികളെ ഒക്കെ ഇങ്ങനെ നോക്കിയാണ് ഞാൻ അവരുടെ ഡിസ്ട്രാക്ഷന്‍ കുറച്ച് ക്ലാസിലേക്ക് വീണ്ടും കൊണ്ടുവരുന്നത്. നമ്മളെ അത് ബിഎഡ് പഠിപ്പിക്കുമ്പോൾ പഠിപ്പിച്ച് തരുന്ന സ്ട്രാറ്റജി ആണ്. മാത്രമല്ല ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ ശല്യം ചെയ്യുന്ന ആൾക്കാരെയും ഞാൻ നേരിടുന്നത് ഇത്തരം തുറിച്ച് നോട്ടം അങ്ങോട്ട് തിരിച്ച് കൊടുത്തുകൊണ്ടാണ്.
കമൻ്റ് അടിക്കുന്നവരെ തുറിച്ച് നോക്കിയാൽ ഇവർ കമൻ്റ് അടി നിർത്തുമെന്ന് ഞാൻ കരുതി. പക്ഷെ ഇവർ കൂടുതൽ അശ്ലീലമായി എൻ്റെ അടുത്ത് സംസാരിക്കാൻ തുടങ്ങി " എന്താ ദോശ വേണോ , വേണേൽ വായിൽ വെച്ച് തരാം " എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. "സ്ത്രീകളെ ദ്വയാർത്ഥ പ്രയോഗത്തിലൂടെ കമൻ്റ് അടിക്കുന്നത് നിയമപരമായി തെറ്റാണെന്ന് അറിയില്ലേ, നിങ്ങൾ കുറേ നേരമായി കമൻ്റ് അടിക്കുന്നത് ഞാൻ സഹിച്ച് സഹിച്ചു ഇരിക്കുന്നു" എന്ന് ഞാൻ തിരിച്ച് പറഞ്ഞു. പിന്നീട് അവരും ഇങ്ങോട്ട് ചൂടായി അങ്ങനെ അത് വാഗ്വാദത്തിൽ കലാശിച്ചു. അപ്പുറത്തെ കടയിൽ ഉള്ള ചേട്ടന്മാർ ഒക്കെ ഓടി വന്നു പിടിച്ച് മാറ്റി. ഞാൻ കൂടെ ഉള്ള ചേട്ടനോട് പൊലീസിനെ വിളിക്കാൻ പറഞ്ഞു.
മ്യൂസിയം പോലീസ് സ്റ്റേഷനിൽ വിളിച്ച് 3-4 മിനിറ്റിന് ഉള്ളിൽ തന്നെ പൊലീസ് എത്തി. പോലീസ് വന്നതും ഞാൻ അവരോട് കാര്യങ്ങള് വിശദീകരിച്ചു. പോലീസ് അയാളുടെ ഭാഗവും കേട്ടു. അങ്ങനെ മെഷീൻ എടുത്ത് ഊതിച്ചപ്പോൾ കീ കീ ശബ്ദം കേട്ടു. ഉടനെ പൊലീസ് അയാളെ പോലീസ് ജീപ്പിൽ കേറ്റി പോവുകയും പരാതി ഉണ്ടെങ്കിൽ എന്നോട് സ്റ്റേഷനിൽ വന്നു എഴുതി തരാനും പറഞ്ഞു. അയാളുടെ വണ്ടിയും പോലീസ് എടുത്തുകൊണ്ട് പോയി. ഞാൻ രാത്രി മ്യൂസിയം സ്റ്റേഷനിൽ പോയി പരാതി എഴുതി കൊടുത്തു. വളരെ നല്ല സമീപനം ആയിരുന്നു പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഇന്ന് വീണ്ടും പോലീസ് വിളിപ്പിച്ചു. അയാളെ കൃത്യമായി താക്കീത് നൽകുകയും എൻ്റെ ആത്മാഭിമാനം നഷ്ടപ്പെടുത്താത്ത രീതിയിൽ സംസാരിക്കുകയും ചെയ്തു. കൂടാതെ അയാൾക്ക് എതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ട് എന്നും അറിയിച്ചു. സ്ത്രീകൾ ആയാൽ പ്രതികരിക്കണം എന്നും ഞങ്ങൾക്ക് പ്രതികരിക്കുന്ന സ്ത്രീകളെ ആണ് ഇഷ്ടം എന്നും വെള്ളമടിച്ച് ഇനി സ്ത്രീകളുടെ മേലെ കമൻ്റ് അടിക്കാൻ നിൽക്കരുത് എന്നും കൃത്യമായി താക്കീത് നൽകി. "എല്ലാവർക്കും രാത്രി സഞ്ചരിക്കാൻ ഉള്ള വ്യക്തി സ്വാതന്ത്രം ഉണ്ട് എന്നും അവർ എന്ത് എഴുതുന്നു എന്ത് പറയുന്നു എന്ന് ടിയാൻ നോക്കേണ്ട ആവശ്യം ഇല്ലെന്നും മര്യാദക്ക് സ്വന്തം കാര്യം നോക്കി ഉള്ള ജോലിയും ചെയ്തു ജീവിക്കാൻ" താക്കീത് ചെയ്തു വിട്ടു. ശേഷം ടിയാൻ എന്നോട് മാപ്പ് പറഞ്ഞത് കൊണ്ട് FIR ഇടാതെ എൻ്റെ സമ്മതത്തോടെ കേസ് ക്ലോസ് ആക്കി.
ഒരു സ്ത്രീ എന്ന നിലക്ക് എൻ്റെ 22-23 വയസ്സ് വരെ ഇതുപോലെ കമൻ്റ് അടികൾ ഞാൻ സഹിച്ചിട്ടുണ്ട്. ഡിസ്റെസ്പെക്ട് സഹിച്ചിട്ടുണ്ട്. അന്ന് ഞാൻ പ്രതികരിക്കാത്തത് ഓർത്ത് ഇന്നും എനിക്ക് കുറ്റബോധം ഉണ്ട്. നമുക്ക് എതിരെ ഒരു അനീതി നടക്കുമ്പോൾ അതിനെതിരെ പ്രതികരിച്ചില്ല എങ്കിൽ നമ്മുടെ മനസ്സിൽ അതൊരു കല്ലു പോലെ കിടക്കും. എനിക്ക് എതിരെ കമൻ്റ് അടിച്ചപ്പോൾ ഞാൻ പ്രതികരിച്ചു, പോലീസിനെ വിളിച്ച് വരുത്തി, പോലീസ് സ്‌റ്റേഷനിൽ ടിയാൻ കേറി ഇറങ്ങേണ്ടതായി വന്നു , മദ്യപിച്ച് വാഹനം ഓടിച്ചതിന് ടിയാന്ന് എതിരെ കേസ് എടുത്തു, എനിക്ക് വേണ്ടി പൊലീസ് സംസാരിച്ചു, സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് പോലീസ് സംസാരിച്ചു. എൻ്റെ മനസ്സ് അങ്ങനെ ശാന്തമായി.
ഞാൻ പ്രതികരിച്ചില്ല എങ്കിൽ എൻ്റെ മനസ്സ് ഇപ്പോളും ആ ഡിസ്റെസ്പെക്ട് ഓർത്ത് അത്യധികം വിഷമത്തിൽ ആയേനെ. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് വളരെ കൃത്യമായി സംസാരിച്ച സാറിൻ്റെ പേര് ഞാൻ നോട്ടീസ് ചെയ്തു . മുരളീകൃഷ്ണൻ സർ, അതുപോലെ കൂടെ നിന്ന നല്ലൊരു സമീപനം കാഴ്ചവച്ച നമ്മളെ വളരെയധികം നന്നായി സഹായിച്ച സുധീഷ് സാർ, എനിക്ക് വളരെ അധികം നന്ദിയുണ്ട്. ഇതുപോലെ ഉള്ള കേരള പോലീസിൻ്റെ കൃത്യമായതും വ്യക്തമായതും പൊളിറ്റിക്കൽ കറക്റ്റ് ആയിട്ടുള്ള സമീപനവും സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ അഭയം തേടാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കും.
എനിക്ക് അതിനു ഇന്ന് കേരള പോലീസിനോട് വളരെ അധികം നന്ദിയുണ്ട്. പോലീസ് എൻ്റെ കലുഷിതമായ മനസ്സിനെ ശാന്തം ആക്കി. ഇതുപോലെ ഉള്ള സമീപനം അനീതി നേരിടുന്ന എല്ലാ സ്ത്രീകൾക്കും ലഭ്യമാകട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു,' ശ്രീലക്ഷ്മി കുറിച്ചു.