മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസം ആരംഭിച്ചു. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് കയറി താമസിച്ചത്. കുടുംബത്തെ വിഡിയോ കോൾ വിളിച്ച് ആശംസകൾ അറിയിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണീരിന്‍റെയും കാത്തിരിപ്പിന്‍റെയും നീണ്ട നാളുകൾക്കൊടുവിൽ, ആ ഓർമ്മകളിൽ നിന്നും പുതിയൊരു ജീവിതത്തിലേക്ക് കുടുംബം ചുവടുവെക്കുകയാണ്. സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിൽ ഇനി പ്രത്യാശയുടെ പുത്തൻ പുലരി. ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള മുപ്പത്തിയെട്ടാം നമ്പർ വീട് ഇനി വിജയനും കുടുംബത്തിനും സ്വന്തം. മഹാദുരന്തം കവർന്നെടുത്ത ജീവിതം, ഒരു വലിയ ഇടവേളയ്ക്ക് ശേഷം അവർ ഇവിടെനിന്ന് വീണ്ടും നെയ്തെടുക്കുകയാണ്.
പാലുകാച്ചൽ ചടങ്ങുകൾകളിൽ മുൻ മന്ത്രി ഓ ആർ കേളുവും, ജില്ലാ സെക്രട്ടറി കെ റഫീഖും പങ്കെടുത്തു. എന്നാൽ ചടങ്ങിനിടെ സർപ്രൈസായി എത്തിയത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീഡിയോ കോൾ ആയിരുന്നു. പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന കുടുംബത്തിന് അദ്ദേഹം ഫോണിലൂടെ ആശംസകൾ നേർന്നു.
ആദ്യഘട്ടത്തിൽ ആകെ 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. ഇതിൽ 159 വീടുകളും സാങ്കേതികമായി കൊടുത്തു കഴിഞ്ഞു. ദുരന്തത്തിന്‍റെ ഓർമ്മകളിൽ നിന്നും അതിജീവനത്തിന്‍റെ പുതിയൊരു മാതൃക തീർക്കുകയാണ് ഈ ടൗൺഷിപ്പ്.