ബസ് നിര്‍ത്താത്തത് കൊണ്ട് ബസിന്‍റെ ചില്ലടിച്ചു പൊട്ടിച്ച യുവതി ഡിവൈഎഫ്ഐ നേതാവ് വി വസീഫിന്‍റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഇടത് എംപി എഎ റഹിം. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ല് തകർത്ത സംഭവവുമായി ബന്ധപ്പെടുത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനും കുടുംബത്തിനുമെതിരെ കോൺഗ്രസ്സ്-ലീഗ്-ബിജെപി സൈബർ ക്രിമിനലുകൾ നടത്തുന്ന ഹീനമായ വ്യാജപ്രചാരണത്തെ ശക്തമായി അപലപിക്കുകയാണെന്ന് എഎ റഹിം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഭരണത്തിന്റെ തിണ്ണമിടുക്കിൽ കുടുംബാംഗങ്ങളെയും സ്ത്രീകളെയുമടക്കം ആരെയും അപമാനിച്ചുകളയാം എന്ന വിചാരം വെറുതെയാണ്.
ആ സംഭവത്തിലെ വ്യക്തിയുമായി വസീഫിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ യാതൊരുവിധ ബന്ധവുമില്ലെന്നതാണ് യാഥാർത്ഥ്യം. ഈ വാസ്തവം കൃത്യമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ചില സൈബർ ക്രിമിനലുകൾ ബോധപൂർവ്വം ഈ നുണക്കഥകൾ മെനയുന്നത്.
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും നിഗൂഢമായ അജണ്ടകളോടെയും നടപ്പിലാക്കുന്ന ഒരു 'ക്രിമിനൽ ആസൂത്രണ'മാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഇത് വ്യാജമാണെന്ന് തിരിച്ചറിയാൻ സാധിക്കുമെങ്കിലും, യാഥാർത്ഥ്യമറിയാതെ നിഷ്കളങ്കരായ മനുഷ്യർ ഇത് ഷെ യർ ചെയ്യാനിടയുണ്ട് എന്ന് കണക്കുകൂട്ടിയാണ് ഈ സൈബർ ക്രിമിനലുകൾ വലവിരിക്കുന്നത്.
ആശയങ്ങളെ ആശയം കൊണ്ട് നേരിടാൻ കെൽപ്പില്ലാത്തവർ, ഇത്തരം തരംതാണ സൈബർ ആക്രമണങ്ങളുമായി ഇറങ്ങുന്നത് കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തിന് തന്നെ വലിയൊരു അപമാനമാണ്. ഇത്തരം വ്യക്തിഹത്യകൾക്കെതിരെയും സൈബർ ക്രിമിനലുകൾക്കെതിരെയും ജനാധിപത്യ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്. സത്യം തിരിച്ചറിയുക, ഇത്തരം അശ്ലീല-വ്യാജ പ്രചരണങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയുക'. – എഎ റഹിം കുറിച്ചു.