അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. കാര്‍ത്തികേയന്‍റെ ഭാര്യ സുലേഖയുമായും മകന്‍ ശബരീനാഥനുമായും വി.ഡി ഏറെ നേരം സംസാരിച്ചിരുന്നു. സംസാരത്തിനിടെ വി.ഡിയുടെ കണ്ണ് നിറയുന്നതും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ജി.കാര്‍ത്തികേയനും കുടുംബവുമായുള്ള ബന്ധം വി.ഡി മാധ്യമങ്ങളുമായും പങ്കുവച്ചു. താനും കാര്‍ത്തികേയന്‍ സാറുമായുള്ള ബന്ധമെന്തെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി.ഡി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താനെന്നും പിന്നെ തിരിച്ചുവന്നപ്പോള്‍ ഒപ്പം ചേര്‍ത്തു നിര്‍ത്തിയ നേതാവാണ് ജി. കാര്‍ത്തികേയന്‍ എന്നും വി.ഡി.സതീശന്‍ പറയുന്നു.

1996ലും 2001ലും അസംബ്ലി സീറ്റ് ലഭിക്കാന്‍ കാരണം കാര്‍ത്തികേയനാണ്. അവന്‍ എംഎല്‍എ ആയിക്കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഒരു അസറ്റ് ആയിരിക്കുമെന്ന് എ.കെ ആന്റണിയേയും കെ. കരുണാകരനേയും കണ്ടുപറഞ്ഞ് ആ സ്ഥാനത്തേക്ക് തന്നെ കൊണ്ടുവന്ന ആളാണ് അദ്ദേഹമെന്നും വി.ഡി ഓര്‍ക്കുന്നു.

‘എന്‍റെ കുടുംബമാണിത്, ശബരിയോട് ഇടക്കിടെ പറയാറുണ്ട് ഞാനാണ് ഇവിടെത്തെ മൂത്ത മകന്‍ എന്ന്, സുലേഖ ടീച്ചറും കാര്‍ത്തികേയന്‍ സാറിനെപ്പോലെ എല്ലാ കാലത്തും എന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്, ഞാന്‍ അദ്ദേഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് നടന്നിരുന്നത്. ആ വലിയ മനുഷ്യന്‍റെ കൈ പിടിച്ചാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത കുടുംബമാണിതെന്നും ഇവിടെ വന്നില്ലേല്‍ പിന്നെ താനെവിടെ പോകാനാണെന്നും വി.ഡി ചോദിക്കുന്നു.

സതീശന്‍ പറഞ്ഞ പോലെ ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണെന്ന് ജി കാര്‍ത്തികേയന്‍റെ ഭാര്യ സുലേഖ ടീച്ചറും പറയുന്നു. ‘നിങ്ങള്‍ക്കെല്ലാവര്‍ക്കും സതീശന്‍ മുഖ്യമന്ത്രി ആയിരിക്കാം, എന്നാല്‍ എനിക്കും കാര്‍ത്തികേയന്‍ സാറിനും ഞങ്ങളുടെ മൂത്ത മകനാണ്, സതീശനെന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ഒരുപക്ഷേ ജികെ തന്നെയായിരിക്കാം, മിടുക്കനായി വരുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു, ഇന്നിതാ ഇവിടെ മുഖ്യമന്ത്രി വരെയെത്തി. ഇനിയും ഉയരങ്ങള്‍ ഏറെ കീഴടക്കാനുണ്ട്, ഉമ്മന്‍ചാണ്ടി സാറിനെപ്പോലെയൊക്കെ എല്ലാവരും സ്നേഹിക്കുന്ന, പാവങ്ങളെ ചേര്‍ത്തു പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മുഖ്യമന്ത്രി ആയിട്ട് അറിയപ്പെടാന്‍ സതീശന് സാധിക്കട്ടേയെന്നും ടീച്ചര്‍ പ്രത്യാശിച്ചു. അതേസമയം തനിക്കേറെ സന്തോഷമെന്നും കുഞ്ഞുനാളിലേ വീട്ടില്‍ വരാറുള്ള, കാണാറുള്ള ചേട്ടന് മികച്ച രീതിയില്‍ ഭരണം നയിക്കാനാവുമെന്ന് വിശ്വാസമുണ്ടെന്നും ശബരീനാഥനും പറഞ്ഞു.

V D Satheesan Visits Late G Karthikeyan's Family, Emotional Scenes Emerge:

V D Satheesan, the newly appointed Chief Minister, paid a visit to the home of the late Congress leader G Karthikeyan, sharing emotional moments with his family. He spoke at length with Karthikeyan's wife, Sulekha Teacher, and son, Sabarinathan, reflecting on the mentorship and support he received from the veteran leader.