ആർഎസ്എസിന്റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ചാണ് കോൺഗ്രസ് കെ.സി വേണുഗോപാലിനെ ഡൽഹിയിലും വി.ഡി സതീശനെ കേരളത്തിലും നിർത്തിയതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുന്നുവെന്നും ശിവപ്രസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
ലീഗിന് വഴങ്ങി കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ രാജ്യത്തെ ആർഎസ്എസിന്റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ചാണ് കോൺഗ്രസ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് താന്‍ ചിന്തിക്കുന്നതെന്നാണ് ശിവപ്രസാദ് ആരോപിക്കുന്നത്.
ബിജെപിയും കാസയും ലീഗും ഉൾപ്പെടെയുള്ള കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്. കെസിയെ പറ്റി കേരളത്തിലെ ലീഗുകാര്‍ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. വർഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് യുഡിഎഫ് ആണ്. എന്നാൽ അത് ചെറുക്കേണ്ടത് കേരളത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാം എന്നും ശിവപ്രസാദ് കുറിക്കുന്നു.