Image Credit: facebook.com/PkFiros

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത നിയുക്ത എംഎല്‍എ പി.കെ ഫിറോസിന് വിമര്‍ശനം. വഞ്ചിയൂര്‍ കോടതിയില്‍ രാഷ്ട്രീയ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനും മറ്റു യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ളതാണ് ചിത്രം. കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉള്‍പ്പെടുത്തുന്നത് വെളുപ്പിച്ചെടുക്കലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. 

നിയുക്ത എംഎല്‍എമാരായ വിഷ്‌ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ അടക്കമുള്ള യുഡിഎഫ് പ്രവര്‍‍ത്തകരും ചിത്രത്തിലുണ്ട്.  പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിന്‍റെ പേരിലുള്ള കേസിന്‍റെ ഭാഗമായി വഞ്ചിയൂർ കോടതിയിൽ ഹാജരായപ്പോഴാണ് ചിത്രം എടുത്തതെന്നാണ് പോസ്റ്റിലെ വിവരം. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളിൽ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം എന്നും ഫിറോസ് എഴുതി. 

ഫോട്ടോയില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിമര്‍ശനം. രാഹുല്‍ ഇല്ലായിരുന്നെങ്കില്‍ നല്ല ഫ്രെയിം എന്നാണ് ഒരാള്‍ കമന്‍റിട്ടത്. നല്ല വെളുപ്പിക്കല്‍ എന്നും പ്രിയ സുഹൃത്ത് മാങ്കൂട്ടത്തിലിനെ പരമാവധി വെളുപ്പിച്ചെടുക്കണം എന്നും കമന്‍റുണ്ട്. കള്ള കേസ് എന്ന് പറയുമ്പോ രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ കേസ് വരെ ഒഴിവാകുമോ എന്നും കമന്‍റില്‍ ആളുകള്‍ ചോദിക്കുന്നുണ്ട്. പി.കെ ഫിറോസിനെ കണ്ടതിലെ സന്തോഷം രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം അക്കൗണ്ടില്‍ റീലാക്കി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.  

പി.കെ ഫിറോസ് 'എംഎല്‍എ'യെ ആദ്യമായി കാണുകയാണ്, അപ്പോൾ തന്നെ റീൽസായി... പ്രിയപ്പെട്ടവനെ എന്ന തലക്കെട്ടോടെയാണ് റീല്‍ പോസ്റ്റ് ചെയ്തത്. സൗഹൃദം പങ്കിടുന്നതും ഒന്നിച്ച് നടന്നുനീങ്ങുന്നതുമാണ് വിഡിയോയിലുള്ളത്. 

ENGLISH SUMMARY:

PK Firos faced criticism for posting a photo with Rahul Mankootathil, who was expelled by Congress. The photo, taken at Vanchiyoor court during a political case hearing, sparked social media debate.