shafi

TOPICS COVERED

നിയമസഭാ തിരഞ്ഞെടുപ്പിൽ 69 ഓളം മണ്ഡലങ്ങളിൽ പ്രചാരണം നടത്തി കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്ന വിശേഷണം ലഭിച്ച നേതാവാണ് ഷാഫി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ മുഖ്യമന്ത്രി ചർച്ച മുതൽ ഷാഫി പറമ്പിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. കെസി വേണു​ഗോപാലിനായി പിന്തുണ തേടിയെന്ന വാർത്ത പുറത്തുവന്നത് മുതലാണ് ഷാഫിക്കെതിരെ വിമർശനം ഉയർന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഷാഫി അവസാനമായി ഫേസ്‌ബുക്കിൽ പങ്കുവെച്ച ഉമ്മൻചാണ്ടിയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ വിമർശന കമന്റുകളുടെ പൂരമാണ്. പോസ്റ്റ് പങ്കുവെച്ച അന്ന് വിജയം ആഘോഷിക്കുന്ന പ്രതികരണങ്ങളായിരുന്നെങ്കിൽ ഇന്ന് വെല്ലുവിളികളും അധിക്ഷേപങ്ങളും കൊണ്ട് കമന്റ് ബോക്സ് നിറയുകയാണ്. കെസിക്കായി ഷാഫി യുവ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ചില പ്രതികരണങ്ങളിൽ പറയുന്നു.

ഷാഫി യു.ഡി.എഫ്  പ്രവർത്തകരോട് മാപ്പ് പറയുക, ജനഹിതത്തിനെപ്പം നിൽക്കാതെ സ്വാർഥ താൽപര്യത്തിന് വേണ്ടി നിലകൊണ്ട താങ്കളെ തോളിലേറ്റിയ ജനങ്ങൾ തന്നെ താഴെയിറക്കും, പാർട്ടിയാണ് വലുത് ഗ്രൂപ്പ്‌ അല്ല, ഷാഫി എന്ന വന്മരത്തെ സ്വന്തം അണികൾ തന്നെ വീഴ്ത്തി തുടങ്ങി അധിക്ഷേപ കമന്റുകൾ വരെ പ്രതികരണത്തിൽ ഉൾപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിഡി സതീശനെടുത്ത നിലപാടാണ് ഷാഫിയുടെ വിരോധത്തിന് കാരണമെന്നും പ്രതികരിക്കുന്നവരുണ്ട്.

വടകരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് ഷാഫി പറമ്പിലിന് കോൺഗ്രസ് അണികൾക്കിടയിൽ താരപരിവേഷം ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തിയ ഷാഫിക്കൊപ്പം അണികളുടെയും സാധാരണക്കാരുടെയും വലിയ ഒരു നിര തന്നെ ഉണ്ടായിരുന്നു. താരപരിവേഷത്തിലേക്ക് എത്തിക്കാൻ പ്രധന പങ്കുവഹിച്ച സമൂഹ മാധ്യമങ്ങൾ തന്നെയാണ് ഇപ്പോൾ ഷാഫിയുടെ വില്ലനായി മാറിയിരിക്കുന്നതും. 

ENGLISH SUMMARY:

Shafi Parambil is facing significant criticism on social media following the election results, with backlash intensifying after reports of him seeking support for K.C. Venugopal. Supporters are expressing disappointment and anger in the comments section of his social media posts, questioning his loyalty to the party and the public mandate.