സയനയോട് പറഞ്ഞ വാക്ക് പാലിച്ച് കെ.രാജന്‍. വയനാട് ദുരന്തബാധിതയായ സയനയുടെ മക്കൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്​ക്ക് പുത്തുമലയില്‍ നിന്നും സയന രാജനെ കാണെനെത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ മൂന്ന് മക്കളെ നഷ്ടപ്പെട്ട സയന അന്ന് ഒരു വാക്കും വാങ്ങി, ജയിച്ചതിന് ശേഷം തന്‍റെ മക്കളെ കാണാന്‍ വരണമെന്ന്. 

കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാജന്‍ സയനയുടെ മക്കളേയും കണ്ടു. കുഞ്ഞുമക്കളുടെ അന്ത്യവിശ്രമസ്ഥലത്ത് പൂക്കളും കളിക്കോപ്പുകളും വച്ചു, സയനേയും അനീഷിനിനേയും കെട്ടിപ്പിടിച്ചു. സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിൽ കുടുംബത്തിന് ലഭിച്ച പുതിയ വീട്ടിലും രാജൻ സന്ദർശനം നടത്തി.

കഴിഞ്ഞ ഏപ്രില്‍ ആറിനാണ് കെ.രാജനെ കാണാന്‍ സയന അടക്കം വയനാട്ടിലെ ദുരന്തബാധിതരായ പതിനാല് പേര്‍ ചുരമിറങ്ങി ഒല്ലൂരിൽ എത്തിയത്. മൂര്‍ക്കനിക്കര പ്രദേശത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിലായിരുന്നു കൂടിക്കാഴ്ച. കെ.രാജനെ കണ്ട സയന ആദ്യം ചോദിച്ചത് ‘ഞാനൊന്ന് ഹഗ് ചെയ്‌തോട്ടെ’ എന്നാണ്. തൊട്ടുപിന്നാലെ കെ.രാജന്റെ സ്‌നേഹാലിംഗനം അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. ഭാര്യയുടെ വീട്ടുകാരടക്കം കുടുംബത്തിലെ പത്ത് പേരെ നഷ്ടപ്പെട്ട ജയേഷ്, വീടും ആശ്രയവും സമ്പാദ്യവും നഷ്ടപ്പെട്ട മുഹമ്മദലിയും ഭാര്യയും ഉൾപ്പെടെയുള്ളവർ ആ സംഘത്തിലുണ്ടായിരുന്നു.

ENGLISH SUMMARY:

K. Rajan fulfilled his promise to Sayana, a victim of the Wayanad tragedy, by visiting the resting place of her children to offer condolences. He also visited Sayana and her husband in their new home provided by the government.