ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനം പ്രഖ്യാപിച്ചില്ല. നാളെ എഐസിസി നിരീക്ഷകര്‍ കൂടി പങ്കെടുക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കും.
ഫലം പുറത്ത് വന്ന ഒന്‍പതാം ദിവസവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാത്തതോടെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനും ഹൈക്കമാന്‍ഡിനുമെതിരെ ട്രോള്‍ പൂരമാണ്. ഹൈക്കമാന്‍ഡ് ചര്‍ച്ചകളെ ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. മിഥുനം സിനിമയിലെ 'തേങ്ങ ഉടക്ക് സ്വാമി' രംഗത്തോടാണ് കോണ്‍ഗ്രസ് ചര്‍ച്ചകളെ സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. ഒപ്പം ഇനിയും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഡോണള്‍ഡ് ട്രംപ് ഇടപെടുമെന്നും പരിഹാസം.
അതേസമയം ഹൈക്കമാന്‍ഡ് പിന്തുണ വി.ഡി.സതീശനാണെന്നാണ് സൂചന. പൊട്ടിത്തെറി ഒഴിവാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും മുതിര്‍ന്ന നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എഐസിസി നിരീക്ഷകരുടെ റിപ്പോർട്ടും ഖർഗെ–രാഹുൽ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്‍ഡ് കേട്ടു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണം എന്നാണ് കൂടുതല്‍ നേതാക്കളും അഭിപ്രായപ്പെട്ടത്.
സമൂഹമാധ്യമങ്ങളല്ലല്ലോ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കേണ്ടത് എന്നാണ് തലമുതിര്‍ന്ന നേതാക്കളുടെ നിലപാട്. നിരത്തിലെ പ്രതിഷേധങ്ങള്‍ ചില തല്‍പരകക്ഷികള്‍ സൃഷ്ടിച്ചതാണ്. ഇത്തരംപ്രവണതകള്‍ വച്ചുപൊറുപ്പിക്കരുത്. എന്നാല്‍ സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങള്‍ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു കെ.മുരളീധരന്‍റെ പക്ഷം. ഇത് അവഗണിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.എം.സുധീരനും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.