മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ പ്രതിഷേധിച്ചതിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെ നിയുക്ത കായംകുളം എംഎൽഎ എം ലിജുവിനെതിരെ സൈബർ ആക്രമണം. ലിജു വിമർശിച്ചത് വിഡി സതീശൻ അനുകൂലികളെ ആണെന്നും കെസി വേണുഗോപാലിനായാണ് വാദിച്ചതെന്നും ഉന്നയിച്ചാണ് സൈബറിടങ്ങളിലെ ആക്രമണം.

തിരഞ്ഞെടുപ്പിൽ വിജയിച്ചത് 'വിഡി തരംഗ'ത്തിൽ ആണെന്നും ജയിച്ച ശേഷം കാലുമാറിയെന്നും വിമർശകർ ആരോപിക്കുന്നു. വോട്ടെടുപ്പിന് മുൻപ് ജനങ്ങൾക്ക് മുൻപിൽ കരഞ്ഞ് കാണിക്കുകയും ജയിച്ച ശേഷം ജനങ്ങളുടെ വികാരം മനസിലാക്കാൻ പറ്റുന്നിലെന്നും കമന്റുകളുണ്ട്. ലിജു ഫെയ്ബുക്കിൽ പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും താഴെ ആയിരക്കണക്കിന് പ്രതികരണങ്ങളാണ്  വരുന്നത്.

ജയിച്ചു കയറി വന്നവഴി മറന്ന് പോവരുത്, ഗ്രൂപ്പ് കളിക്കരുത്, കെസിയെ പിന്തുണയ്ക്കരുത്  തുടങ്ങിയ നിരവധി  പ്രതികരണങ്ങളാണ് കമന്‍റ് ബോക്സിലുള്ളത്. കരഞ്ഞ് കാണിച്ചാണ് വോട്ട് നേടിയതെന്നും ജയിക്കുന്നതിനു മുൻപ് 'റെമോ' ആയിരുന്നെന്നും ജയിച്ച ശേഷം 'അന്യൻ' ആയെന്നും വിമർശനമുണ്ട്. 

കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ പ്രതിഷേധിച്ചപ്പോഴാണ് എം ലിജു മാധ്യമങ്ങളിലൂടെ അതിനെതിരെ പ്രതിഷേധിച്ചത്. ആരാധക വൃന്ദം ശാന്തരാകണമെന്നും ഒരു പൊടിക്ക് അടങ്ങണമെന്നും ലിജു ആവശ്യപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ രാഹുൽഗാന്ധി എടുക്കുന്ന തീരുമാനം അംഗീകരിക്കും. ഞങ്ങളുടെ വിശ്വാസം രാഹുൽഗാന്ധിയിലാണ്. ബിജെപിയും സിപിഎമ്മും പോലും പറയാത്ത ആക്ഷേപങ്ങളാണ് നവമാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ വരുന്നതെന്നും ലിജു പറഞ്ഞിരുന്നു.

ENGLISH SUMMARY:

Kayamkulam MLA M Liju is facing severe cyberattacks following his criticism of Congress workers protesting on the streets. The attacks allege that Liju criticized V D Satheesan's supporters and defended K C Venugopal, with critics claiming he won due to a 'V D wave' and later switched allegiances.