കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കങ്ങളെ പരിഹസിച്ച് കുണ്ടറയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡോ.റോബിന്‍ രാധാകൃഷ്ണന്‍. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ റോബിന്‍ കോണ്‍ഗ്രസിലെ തര്‍ക്കം കണ്ടപ്പോള്‍ പുച്ഛം തോന്നിയെന്ന് പറഞ്ഞു. സ്വന്തം നേതാക്കന്മാരുടെ ഫ്ളക്സുകള്‍ എന്തായാലും ബിജെപിക്കാര്‍ കീറില്ലെന്നും നമ്മളെല്ലാവരും ഒറ്റക്കെട്ടാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
'ഞാന്‍ ഒരു കുണ്ടറക്കാരന്‍ അല്ലാഞ്ഞിട്ട് കൂടി ഏകദേശം 19,000 അടുപ്പിച്ച് വോട്ട് എനിക്ക് ലഭിച്ചു. എനിക്ക് വേണ്ടി വോട്ട് ചെയ്ത, കുണ്ടറയിലെ എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. കോണ്‍ഗ്രസ് എന്തായാലും ജയിച്ചു. കോണ്‍ഗ്രസ് ആണ് കേരളം ഭരിക്കുന്നത്. പക്ഷേ മുഖ്യമന്ത്രി ആവാന്‍ വേണ്ടിയുള്ള അവരുടെ അടി ഞാന്‍ ചാനലുകളില്‍ കണ്ടു. അതില്‍ത്തന്നെ തര്‍ക്കം. സ്വന്തം നേതാക്കളുടെ ഫ്ലെക്സ് അവരുടെ തന്നെ പ്രവര്‍ത്തകര്‍ വലിച്ച് കീറുന്നതായിട്ടും കണ്ടു. സത്യം പറഞ്ഞാല്‍ പുച്ഛം തോന്നി. കഷ്ടം തോന്നി. പരമ കഷ്ടം'- റോബിന്‍ പറയുന്നു.
'എന്തായാലും നമ്മള്‍ ബിജെപിക്കാരുടെ ഇടയില്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ല. നമ്മളെല്ലാം ഒറ്റക്കെട്ടായി മാത്രം മുന്നോട്ട് പോകുന്ന ആളുകളാണ്. അഭിമാനത്തോടെ എനിക്ക് പറയാം ഞാനൊരു ബിജെപിക്കാരനാണ് എന്ന്. അല്ലാതെ സ്വന്തം പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുട ഫ്ലെക്സ് വലിച്ചുകീറുന്നതുപോലെ തരംതാഴ്ന്ന ഒരു പാര്‍ട്ടിയില്‍ അല്ല ഞാനെന്ന് സന്തോഷപൂര്‍വ്വം പറയാം. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ വേറൊന്നും കൊണ്ടല്ല, പരമമായ സത്യം മാത്രമാണ് ഞാന്‍ വിളിച്ചുപറയുന്നത്. മോശമായിട്ടുള്ള ഒരു കാര്യം. മോശം , മോശം', റോബിന്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്നലെ ചേർന്ന മൂന്നു മണിക്കൂർ ഹൈക്കമാന്‍ഡ് യോഗത്തിനുശേഷവും ഒറ്റ പേരിലേക്ക് എത്താൻ കഴിയാത്തതിനാൽ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെക്ക് വിട്ടിരുന്നു. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.