പിണറായി വിജയൻ സർക്കാർ തോറ്റതിൽ സന്തോഷമെന്ന് മൈക്ക് ഓപ്പറേറ്റർ എസ്.രഞ്ജിത്ത് . ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് കേടായതിൽ കേന്വേഷണം നേരിട്ട മൈക്ക് ഓപ്പറേറ്ററാണ് എല്‍ഡിഎഫിന്‍റെ തോല്‍വിയില്‍ സന്തോഷം പ്രകടിപ്പിച്ചത്. 

'പിണറായി ഭരണം പോയതില്‍ തനിക്ക് സന്തോഷമുണ്ട്. ചെയ്യാത്ത തെറ്റിന് കോടതി കയറിയിറങ്ങി. അന്ന് മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തിക്കും തിരക്കുമായിരുന്നു. പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു. ഒരു ക്യാമറാമാന്‍റെ ബാഗ് തട്ടിയാണ് കണ്‍സോളില്‍ നിന്നും ഹൗളിങ് വന്നത്. മുദ്രാവാക്യവും ഹൗളിങ്ങും കൂടി കേട്ടപ്പോള്‍ ഞാനിത് മനപ്പൂര്‍വം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞത്. രണ്ട് ദിവസം അതിന്‍റെ പിറകെ നടന്നു. കോടതിയില്‍ കേസ് തീര്‍ന്നു. കേസെടുത്തത് നാണക്കേടായെന്ന് അറിഞ്ഞതോടെ കേസ് കോടതിയില്‍ വേണ്ടെന്ന് വച്ചു. കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും പിന്തുണ കിട്ടി. സര്‍ക്കാരിന്‍റെ പരാജയത്തില്‍ വളരെ സന്തോഷമുണ്ട്,' രഞ്ജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ ആയിരുന്നു അന്ന് കേസെടുത്തത്. കേരള പോലീസ് ആക്ട് പ്രകാരം മനപ്പൂര്‍വം പൊതുസുരക്ഷയില്‍ പരാജയപ്പെടുക, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക തുടങ്ങിയവയ്ക്കാണ് കേസ്. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.

ENGLISH SUMMARY:

Pinarayi Vijayan's government has been defeated, and microphone operator S. Ranjith expresses happiness over this outcome. He faced a police case after a microphone malfunction during an Oommen Chandy memorial event where Pinarayi Vijayan was speaking.