league-home

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് കൈമാറിയ വീടുകളിലേക്ക് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ലെന്നും പി.എം.എ സലാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വിനോദസഞ്ചാരത്തിനെന്ന പോലെ ബസുകളിലും മറ്റും ഈ പ്രദേശത്തേക്ക് ആളുകൾ എത്തി പലരും വീടുകളിൽ കയറുന്നത് ഉടമസ്ഥർക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ലീഗിന്റെ തീരുമാനം. പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ലീഗ് ആദ്യഘട്ടത്തിൽ കൈമാറിയത്. ഈ 51 വീടുകളിലും കുടുംബങ്ങൾ താമസം തുടങ്ങി കഴിഞ്ഞു. 105 വീടുകളിൽ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളിൽ കഴിഞ്ഞ ദുരന്തബാധിതർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിംലീഗ് വീടുകൾ കൈമാറിയത്. സംഭവിച്ചതെല്ലാം മറക്കാൻ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുൾപൊട്ടലിന്റെ കാര്യങ്ങൾ ഓർമിപ്പിക്കുന്നത് പലർക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. സന്ദർശകരുടെ ആധിക്യം അവരുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നുണ്ട് എന്നും സലാം കുറിച്ചു.

വീടുകൾ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞതായും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിലീഗ് പ്രവർത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഉൾക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും ഇനി മുതൽ ആരെയും കടത്തിവിടാതെ കർശനമായ വിലക്ക് ഏർപ്പെടുത്തുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

ENGLISH SUMMARY:

Muslim League has banned access for party workers and the public to the resettlement homes in Mundakkai-Choorallmala, citing disruption to residents. This decision aims to protect the privacy and mental well-being of the beneficiaries who have moved into these privately owned properties.