Pinarayi Vijayan Chief Minister of Kerala Thiruvananthapuram 2026 : Photo by : J Suresh
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അതൊരു വിടപറയലായി തോന്നിയേ ഇല്ല. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടത്. നോര്‍ത്ത് ബ്ളോക്കിലെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പ്രസന്നവദനനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ഒരാശങ്കയും മുഖത്തില്ല. പത്തുവര്‍ഷം അധികാര കസേരയില്‍ തുടര്‍ച്ചയായിരുന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇതാണ്, 'പത്തുവര്‍ഷത്തെ സേവനത്തിന് നന്ദി, നമുക്ക് ഇനിയും കാണാം'. ആ വാക്കുകളെ വേണമെങ്കില്‍ മുഖ്യമന്ത്രി വിജയപ്രതീക്ഷ മനസില്‍ സൂക്ഷിക്കുന്നതായി വ്യാഖ്യാനിക്കാം. അങ്ങനെയെങ്കില്‍ പിണറായി 3.0 എന്നത് യാഥാര്‍ഥ്യമാകുമെന്ന് കരുതുന്നവരുമുണ്ട്.
കര്‍ശനം എങ്കിലും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടില്ല: സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് പൊതുവെ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന രീതിയെയും ഇഷ്ടമാണ്. കര്‍ശനമാണ് ശൈലിയെങ്കിലും ജീവനക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്ന നടപടിയൊന്നും കൈക്കൊള്ളാതെ ശ്രദ്ധിക്കുന്ന നേതൃത്വം എന്നാണ് പൊതു വികാരം. ആവശ്യമെങ്കില്‍ മാത്രമെ ഉദ്യോഗസ്ഥരെ നേരിട്ടുകാണൂ. പൊതുവെ യോഗങ്ങളിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സമയത്തെത്തും. കാര്യം മാത്രം പറയുന്ന രീതിയിലാണ് യോഗങ്ങളിലെ ഇടപെടലുകളെല്ലാം. പാതിരാത്രിയോളം നീളുന്ന യോഗങ്ങളും ചര്‍ച്ചകളും ഇല്ലെന്നത് വകുപ്പു സെക്രട്ടറിമാര്‍ക്കുമാത്രമല്ല, സെക്രട്ടേറിയറ്റിലെ ട്രാഫിക്ക് വാര്‍ഡന്‍ വരെയുള്ളവര്‍ക്ക് ആശ്വാസമാണ്.
ചിരി കുറവ്, സൗമനസ്യമുണ്ട്: ശക്തമായ സുരക്ഷ, ഓഫിസില്‍ അധികം പേര്‍ക്ക് പ്രവേശനം നല്‍കാതെയുള്ള പ്രവര്‍ത്തന രീതി, ഗൗരവത്തോടെയുള്ള കുറഞ്ഞവാക്കുകള്‍ ഇതാണ് മുഖ്യമന്ത്രിയെ കുറിച്ച് ജീവനക്കാര്‍ക്കുള്ള പൊതു അഭിപ്രായം. എന്നാല്‍ ചിലരെങ്കിലും മുഖ്യമന്ത്രി പ്രസന്നതയോടെ ചിരിച്ച് സംസാരിച്ചത് ഒാര്‍ക്കുന്നുമുണ്ട്. പ്രശ്നങ്ങളില്‍ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് മുഖ്യമന്ത്രിയുടേതെന്ന് പറയുന്നവരും ഏറെയാണ്. പൊതുവെ സ്നേഹ പ്രകടനവും പ്രശംസാ വാക്കുകളും കുറവാണ് കാര്യമാത്ര പ്രസക്തമാണ് ഇടപെടലുകള്‍. സിപിഎം അനുകൂല സര്‍വീസ് സംഘടനക്കാര്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് പാട്ടുപാടിയത് മുഖ്യമന്ത്രി കേട്ടിരുന്നപ്പോള്‍ മൂക്കത്തുവിരല്‍വെച്ചവരും കുറവല്ല. ഇത്തരം പ്രകടനങ്ങളെ സാധാരണ അനുവദിക്കുന്ന രീതിയല്ല മുഖ്യമന്ത്രിയുടേത്.
'ഓരോ ഫയലും ഓരോ ജീവിതം'; ആ ഓര്‍മപ്പെടുത്തല്‍: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓര്‍ക്കണമെന്ന വാക്കുകളാണ് മുഖ്യമന്ത്രിയും കേരളത്തിലെ സിവില്‍ സര്‍വീസുമായുള്ള ബന്ധത്തിന്‍റെ ടാഗ് ലൈന്‍. ജനങ്ങളതുകേട്ട് ആശ്വസിച്ചു. പക്ഷെ എത്ര ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു എന്ന് സംശയമാണ്. സെക്രട്ടേറിയറ്റില്‍പോലും ചുവപ്പുനാടയും മെല്ലെപ്പോക്കും മനുഷ്യത്വരഹിതമായ നിലപാടുകളും ഇപ്പോഴുമുണ്ട്. സിസ്റ്റത്തിന്‍റെ കുഴപ്പമാകാം, പക്ഷെ പിണറായിയെപ്പോലൊരു ഭരണാധികാരിക്കുപോലും പഴകിയ ശീലങ്ങള്‍ തുടച്ചുമാറ്റാനായില്ല. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പലയാവര്‍ത്തി മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പക്ഷെ കേരളത്തിലെ ഭരണ സംവിധാനത്തില്‍ നിന്ന് അഴിമതി ഒഴിഞ്ഞുപോയിട്ടില്ല. അവതാരങ്ങളെ അടുപ്പിക്കാത്ത പിണറായിയുടെ ഭരണകാലത്ത് സ്വപ്ന സുരേഷുള്‍പ്പെടെയുള്ളവരുടെ വരവ് അദ്ഭുതത്തോടെ നോക്കി നിന്നവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു .
ചരിത്രത്തിലെഴുതിവെച്ച 10 വര്‍ഷം: പ്രളയവും ഒാഖിയും ഉരുള്‍പൊട്ടലും ഒക്കെയായി പ്രകൃതി ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നപ്പോഴും, കോവിഡ് ജീവിതത്തെ മരവിപ്പിച്ചപ്പോഴും സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതായിരുന്നു തുടര്‍ ഭരണമെന്ന അപൂര്‍വത പിണറായി വിജയന് ലഭിക്കുന്നതില്‍ പ്രധാന കാരണമായത്. വലിയ പ്രതിസന്ധികളിലും ഒപ്പം നിന്ന ഉദ്യോഗസ്ഥരോട് 'നന്ദി, വീണ്ടും കാണാം' എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതിലെ അര്‍ഥവ്യാപ്തി വലുതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയാലും ഇല്ലെങ്കിലും, പിണറായി വിജയന്‍റെ പത്തുവര്‍ഷങ്ങള്‍, കേരളത്തിന്‍റെ രാഷ്ട്രീയ–ഭരണ ചരിത്രത്തില്‍ മാത്രമല്ല അനേകം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനസ്സിലും, സേവനങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിച്ചവരുടെ ജീവിതങ്ങളിലും മായാതെ നില്‍ക്കും.