കേരളമുൾപ്പെടെ നിയസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രവചനം.
എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ അസം, പോണ്ടിച്ചേരി ഭരണം കൂടുതൽ തിളക്കമാർന്ന നേട്ടത്തോടെ എൻഡിഎ നിലനിർത്തും എന്നത് ഉറപ്പാണ്. ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻ.ഡി.എ ഭരണം നിലവിൽ വരും. തമിഴ്നാട്ടിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഭരണം എൻ.ഡി.എയ്ക്കു ലഭിക്കും. കേരളത്തിൽ എൻ.ഡി.എ മികച്ച മുന്നേറ്റം ഉറപ്പ്. രാജ്യമാസകലം മോദിമയം ആയിരിക്കുമെന്നും സുരേന്ദ്രൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തില്‍ യുഡി.എഫ് കേവലഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമെന്നാണ് ഇന്നലെ പുറത്തുവന്ന ഏഴ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. 70 മുതല്‍ 90 വരെ സീറ്റുകളാണ് വിവിധ സര്‍വേകള്‍ യു.ഡി.എഫിന് കണക്കാക്കുന്നത്. അസം ബി.ജെ.പി തൂത്തുവാരുമെന്നും പുതുച്ചേരിയില്‍ ബി.ജെ.പി ഉള്‍പ്പെട്ട എന്‍.ആര്‍.സി വീണ്ടും അധികാരത്തില്‍ എത്തുമെന്നും സര്‍വേകള്‍ പറയുന്നു.
ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ തകര്‍ത്ത് ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നും ഭൂരിപക്ഷം എക്‌സിറ്റ് പോളുകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ തന്നെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം.