വയനാട് പുനരധിവാസത്തിന്‍റെ ഭാഗമായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശനമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ച. നിരവധി പേരാണ് ഇക്കാര്യത്തില്‍ ലീഗിനെ അഭിനന്ദിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുകളും വിഡിയോകളുമായി രംഗത്തെത്തിയത്. പറഞ്ഞ വാക്ക് പാലിച്ച്, മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശം നടക്കുമ്പോൾ, ഓരോ മലയാളിയുടെയും നെഞ്ച് നിറയുകയാണെന്ന് കണ്ടന്‍റ് ക്രിയേറ്റര്‍ ഡോ. ആഷ ഉല്ലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.  

'മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഇന്ന് ഒരു മേൽക്കൂരയായി. ദുരന്തം നടന്നപ്പോൾ വാഗ്ദാനങ്ങൾ പലതും കേട്ടു. പക്ഷെ ലീഗ് പറഞ്ഞു, ചെയ്തു കാണിച്ചു. മേപ്പാടി തൃക്കൈപ്പറ്റ വെള്ളിത്തോട്ടിൽ 11.5 ഏക്കറിൽ 105 വീടുകൾ എന്ന വലിയ സ്വപ്നം.

അതിൽ ആദ്യഘട്ട 51 വീടുകളുടെ താക്കോൽദാനം ഇന്ന്. ബെഡും കട്ടിലും അലമാരയും എല്ലാം കിട്ടീട്ടുണ്ട്" - ദുരിതബാധിതർ പറയുമ്പോൾ അറിയാം, ഇത് വെറും ചുമരുകൾ അല്ല, ഒരു ജീവിതമാണ് നിങ്ങൾ തിരികെ കൊടുത്തത്.

ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ക്രിസ്ത്യാനിയെന്നോ നോക്കിയില്ല. നോക്കിയത് ഒരേയൊരു കാര്യം - ഉരുൾ കവർന്ന ജീവിതങ്ങൾ ആരുടേതാണ് എന്ന് മാത്രം. ദുരന്തത്തിൽ നമ്മൾ ഒന്നാണ്, പുനരധിവാസത്തിലും ഒന്നാണ് എന്ന് നിങ്ങൾ കാണിച്ചു തന്നു.

ഓരോ കുടുംബത്തിനും 8 സെന്റിൽ 1000 സ്ക്വയർ ഫീറ്റ് വീട്. 3 മുറി, അടുക്കള, എല്ലാ അടിസ്ഥാന സൗകര്യങ്ങളും. പിന്നീട് 1000 സ്ക്വയർ ഫീറ്റ് കൂടി കൂട്ടിച്ചേർക്കാൻ പാകത്തിന് രൂപകൽപ്പന. വെറുതെ 'തല ചായ്ക്കാൻ ഒരിടം' അല്ല, അഭിമാനത്തോടെ ജീവിക്കാൻ ഒരു ഭവനം. രാഷ്ട്രീയം എന്നാൽ അധികാരം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് എന്ന് മുസ്ലിം ലീഗ് തെളിയിച്ചു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നടന്ന ഈ പദ്ധതി കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു മാതൃകയാണ്. ഉരുൾപൊട്ടലിൽ വീടും കുടിയും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിഞ്ഞ 105 കുടുംബങ്ങൾക്ക് ഇനി സ്വന്തം വിലാസമുണ്ട്. സ്വന്തം അടുക്കളയുണ്ട്. കുട്ടികൾക്ക് പഠിക്കാൻ ഒരു മുറിയുണ്ട്.

ഇതാണ് യഥാർത്ഥ ജനസേവനം. ഇതാണ് 'വാക്കും പ്രവൃത്തിയും' ഒന്നാകുന്നത്. മുസ്ലിം ലീഗിന്റെ പ്രവർത്തകർക്കും, നേതാക്കൾക്കും, ഈ പദ്ധതിക്ക് പിന്നിൽ നിന്ന് പണം മുടക്കിയ മുഴുവൻ മനുഷ്യസ്നേഹികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ 51 കുടുംബങ്ങൾക്ക് വീട് മാത്രമല്ല കൊടുത്തത്. തകർന്നുപോയ പ്രതീക്ഷകളാണ് തിരികെ കൊടുത്തത്. കേരളം ഇതൊന്നും മറക്കില്ല'.–  ഡോ. ആഷ ഉല്ലാസ് കുറിച്ചു. 

ENGLISH SUMMARY:

Muslim League Wayanad houses are making headlines for their recent housewarming ceremony, a significant rehabilitation project for landslide victims. This initiative exemplifies fulfilling promises and providing dignified housing to those affected by natural disasters, showcasing true public service.