പത്തനംതിട്ട കോന്നി ഇളകൊള്ളൂരില്‍ വീടിന്റെ പരിസരത്ത് മൂന്നാംദിവസവും പെരുമ്പാമ്പിന്‍ കുഞ്ഞ്. ഇളകൊള്ളൂര്‍ സ്വദേശി നന്ദകുമാറിന്‍റെ വീട്ടിലാണ് ഇന്നും പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും പെരുമ്പാമ്പിന്‍ കുഞ്ഞിനെ പിടികൂടിയിരുന്നു.
വെള്ളിയാഴ്ച്ച രാത്രി കുട്ടിയുമായി ഇരിക്കുമ്പോള്‍ സിറ്റൗട്ടിന്റെ കമ്പിയിലാണ് പാമ്പ് ചുറ്റിപ്പിണഞ്ഞ് ഇരിക്കുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ശനിയാല്ച്ച വൈകുന്നേരം വീടിന്റെ മുറ്റത്ത് വീണ്ടും പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി.വീട്ടുകാർ തന്നെ ഇതിനെ പിടികൂടി ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.
ഇന്ന് വീണ്ടും മുറ്റത്ത് പെരുമ്പാമ്പിന്‍ കുഞ്ഞെത്തുകയായിരുന്നു. ഇതിനെ ബക്കറ്റിലാക്കി വച്ചു. മൂന്നാമതും പാമ്പിനെ കണ്ടതോടെ പറമ്പിലെ കാട് തെളിച്ചു തുടങ്ങി.
സമീപത്ത് പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞുകാണും എന്നാണ് സംശയം. നന്ദകുമാര്‍ വിദേശത്താണ്. പാമ്പിനെ ജനങ്ങള്‍ തന്നെ പിടികൂടരുത് എന്നും അപകടമാണ് എന്നും ആര്‍എര്‍ടി സംഘം നിര്‍ദേശിച്ചു .ഉദ്യോഗസ്ഥരെത്തും മുന്‍പ് പാമ്പ് രക്ഷപെട്ടാല്‍ എന്തുചെയ്യും എന്നാണ് നാട്ടുകാരുടെ ചോദ്യം.