Image Credit: Facebook.com/Akhilmarar123

വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി അഖില്‍ മാരാര്‍. കേരളം രാജാക്കന്മാരുടെ കാലം മുതലേ അപ്ഡേറ്റഡാണെന്നും ബ്രാഹ്മണന്മാരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നുമാണ് അഖില്‍ മാരാരുടെ വാദം. സ്പോട്​ലൈറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയരുകയാണ്. 

'കേരളം എങ്ങനെയാണ് നമ്പര്‍ വണ്ണായത്. 1847ല്‍ കേരളത്തില്‍ സിഎംഎസ് കോളേജ് സ്ഥാപിച്ച കാലം മുതല്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവിടെ വന്ന കാലം മുതല്‍, ഇവിടുത്തെ രാജാക്കന്മാരുടെ ചിന്ത മുതല്‍ നമ്മള്‍ ഭയങ്കര അപ്ഡേറ്റഡായിരുന്നു. മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണോ സ്വാതി തിരുനാളിന്‍റെ കാലത്താണോ എന്ന് എനിക്കറിയില്ല, ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ടെന്നാണ് പറയുന്നത്. അങ്ങനത്തെ രാജാക്കന്മാരുടെ ചിന്തകളിലൂടെ, അവര്‍ക്കൊപ്പം സ‍ഞ്ചരിച്ച ബ്രാഹ്മണന്മാരുടെ ചിന്തകളിലൂടെ, അന്ന് അവര്‍ക്കൊപ്പം ബ്രാഹ്മണന്മാരാണല്ലോ ഉള്ളത്, ഇനി ഞാന്‍ ജാതി പറഞ്ഞെന്ന് പറയരുത്, അതല്ല പറഞ്ഞത്, അന്നത്തെ അറിവും ബോധവമുള്ള ബ്രാഹ്മണന്മാരുടെ ചിന്ത നടപ്പിലാക്കി എടുത്തതിന്‍റെ ഫലമായിട്ട് കേരളം ഭരിക്കാന്‍ തുടങ്ങുന്ന കാലത്ത് തന്നെ നമ്മള്‍ അപ്ഡേറ്റഡാണ്,' അഖില്‍ മാരാര്‍ പറഞ്ഞു. 

അതേസമയം അഖില്‍ പറയുന്നതിലെ വൈരുധ്യങ്ങളും തെറ്റുകളും പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിച്ചു. സിഎംഎസ് കോളേജ് 1847ല്‍ അല്ല 1817ലാണ് സ്ഥാപിതമായതെന്ന് ചിലര്‍ തിരുത്തി. സ്വാതി തിരുനാളും മാര്‍ത്താണ്ഡ വര്‍മയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും പല കാലങ്ങളില്‍ ജീവിച്ചിരുന്നവരായിരുന്നുവെന്നും അവര്‍ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നുവെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. വിവരക്കേട് വിളിച്ചുപറയുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് എങ്കിലും ചെയ്യണമെന്നും സോഷ്യല്‍ മീഡിയ ഉപദേശം. 

ENGLISH SUMMARY:

Akhil Marar's recent controversial statements have sparked widespread discussion and criticism online. He claimed Kerala's advancement stems from its royal era and the implementation of Brahmanical directives, a view met with social media scrutiny for historical inaccuracies.