christy-threatens-to-kill-father-kannur

കണ്ണൂര്‍ കൊളക്കാട് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ലഹരിക്കടിമയായ മകന്‍ അകാരണമായി അമ്മയുമായി വഴക്കിട്ട ശേഷം ക്രൂരമായി കൊല്ലുകയായിരുന്നു. അമ്മൂമ്മയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അമ്മ ഗീതമ്മയ്ക്ക് നേരെ തിരിഞ്ഞത്. പിതാവ് തങ്കച്ചനെ കൊല്ലാനും ക്രിസ്റ്റി പദ്ധതിയിട്ടിരുന്നുവെന്നും സ്ഥലത്തില്ലാതിരുന്നതിനാല്‍ രക്ഷപെട്ടതാണെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. 'എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, അപ്പനെ കിട്ടിയില്ല. അയാളെക്കൂടെ കൊല്ലണം' എന്ന് അയല്‍വാസിയായ നിപുണിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ആരും തന്നെ ഉപദേശിക്കാന്‍ വരേണ്ടെന്നും ക്രിസ്റ്റി പറഞ്ഞതായും നിപുണ്‍ വെളിപ്പെടുത്തുന്നു. 

ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തങ്കച്ചന്‍ വീട്ടിലേക്ക് എത്തുന്നതിനായി ക്രിസ്റ്റി കാത്തിരുന്നുവെന്നും കാണാതിരുന്നതിെന തുടര്‍ന്ന് ഗീതമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയുമായി നേരെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അയോത്തുംചാലില്‍ പുതിയതായി നിര്‍മിക്കുന്ന റിസോര്‍ട്ടിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്ത് പോയതായിരുന്നു തങ്കച്ചന്‍. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ഗീതമ്മ കൊല്ലപ്പെട്ടത്. 

അമ്മയെ കൊലപ്പെടുത്തിയ വിവരം കോഴിക്കോട്ടുള്ള സഹോദരിയെ വിളിച്ചാണ് ക്രിസ്റ്റി പറഞ്ഞത്. ഇവര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓടിയെത്തിയ ബന്ധുക്കള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗീതമ്മയെ കാണുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലുമായി. ബെംഗളൂരുവിലെ ബിസിഎ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രിസ്റ്റി നാട്ടിലെത്തിയിരുന്നുവെന്നും പിന്നീട് കുറച്ച് കാലം വിദേശത്തായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. 

ENGLISH SUMMARY:

A drug-addicted youth named Christy brutally murdered his mother, Geetha, by slitting her throat in Kolakkad, Kannur. After locking his grandmother in a room, Christy committed the crime and later expressed regret only for not being able to find and kill his father, Thankachan. He surrendered to the police with the murder weapon after waitng for his father to return home. The incident has left the local community in shock as details of Christy's cold-blooded demeanor and past behavioral issues emerge.