sreelekha-against-police

'പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ, കാക്കിയിട്ടൊരു ഗുണ്ടകളേ, പിണറായിയുടെ തെമ്മാടികളേ, ‍ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്'...... അങ്ങനെ നീളുന്നു പൊലീസിനെതിരെയുള്ള മുദ്രാവാക്യം വിളി. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍.ശ്രീലേഖയുടെ നേതൃത്വത്തില്‍.

ജലപീരങ്കിയും, പൊലീസ് ബാരിക്കേഡ് തകര്‍ക്കലും തുടങ്ങി പൊലീസുമായുള്ള ഉന്തും തള്ളലും വരെ. ഒടുവില്‍ മഴനനഞ്ഞ് മുദ്രാവാക്യം വിളിച്ച ശ്രീലേഖയെ പ്രവര്‍ത്തകര്‍ തന്നെ പിന്നിലേക്ക് മാറ്റുകയായിരുന്നു. നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി–സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം.

പൊലീസ് നടപടി വൈകിയാല്‍ താന്‍ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധര്‍ണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡിജിപിയെയും അറിയിച്ചിരുന്നു.  താന്‍ ഇപ്പോളും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും അക്രമം തിരഞ്ഞെടുപ്പ് കാലത്തെ പൊലീസിന്‍റെ അധഃപതനമാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധവും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയത്.കേരളാ പോലീസിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ, വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങി പഴയ സഹപ്രവർത്തകർക്കെതിരെ തന്നെ തെരുവിൽ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്. 

ENGLISH SUMMARY:

Former Kerala DGP and current Thiruvananthapuram Corporation Councilor R. Sreelekha led a high-voltage protest against the Kerala Police in Vattiyoorkavu. Protesting with Mahila Morcha activists, she shouted aggressive slogans against the force she once led, calling them "Pinarayi's goons" and "thugs in uniform." The protest followed a clash between BJP and CPM workers in Nettayam, where Sreelekha alleged that police officers brutally beat arrested BJP workers. Despite the heavy rain and police barricades, the former IPS officer remained at the forefront, demanding immediate action against the erring officers. Her transformation from a top cop to a street-level political activist has sparked intense debate on social media and political circles across the state.