തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണകേന്ദ്രത്തിലുണ്ടായത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികള്‍. അപകടസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലാണ്. വൈകിട്ട് 3.30ന് ഉണ്ടായ സ്ഫോടനത്തില്‍ 3 പേരാണ് പൊള്ളലേറ്റ് മരിച്ചത്. 40ല്‍ അധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. 

ഇതില്‍ 8 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതലും തൊഴിലാളികള്‍ക്കാണ് പരുക്കേറ്റതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷാ ദൗത്യം തുടരുകയാണ്. 5 വെടിക്കെട്ട് പുരകളും കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറി ഇപ്പോഴും തുടരുന്നത് രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തുകയാണ്.

തൃശൂര്‍ മുണ്ടത്തിക്കോട് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. ആകാശത്തേക്ക് വന്‍ പുകപടലം പൊങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിന്‍റെ വ്യാപ്തി വെളിവാക്കുന്നതാണ് ഈ ദൃശ്യം. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്ന സജീവന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടാകുന്നതിനാൽ ഫയർ ഫോഴ്സിന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. രണ്ട് ഏക്കറോളം വരുന്ന പാടപ്രദേശത്താണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. 

ENGLISH SUMMARY:

Thrissur Pooram firecrackers, an explosion occurred at the manufacturing center for Thrissur Pooram fireworks, with eyewitnesses describing a massive blast. The incident resulted in significant casualties and injuries, impacting the ongoing rescue operations.