ചിക്കൻ മന്തിക്കൊപ്പം ശ്രീകൃഷ്ണനെ ചിത്രീകരിച്ച് വിഷു ആശംസ അറിയിച്ച ചേർത്തലയിലെ മെഹർ മന്തി റസ്റ്ററന്റ് ഉടമയ്ക്കെതിരെ ഉസ്താദ് അൻസാരി സുഹ്‌രി. വിഷു ആശംസിച്ചില്ലെങ്കിലും കുഴപ്പമില്ല കലാപമുണ്ടാക്കാന്‍ വഴിവയ്ക്കരുതെന്നാണ് അന്‍സാരി സുഹ്‍രിയുടെ വാക്കുകള്‍. ചില അബദ്ധങ്ങള്‍ക്ക് മനുഷ്യന്‍റെ ജീവനോളം വിലയുണ്ടാകുമെന്നും പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
‘വിഷു ആശംസിച്ചില്ലെങ്കിവും കുഴപ്പമില്ല, ആശംസ നേര്‍ന്ന് നാട്ടില്‍ കലാപവും പ്രശ്നങ്ങളും ഉണ്ടാക്കാന്‍ വഴിവെക്കരുത്. ഇതൊന്നും പാടില്ലെന്നുള്ളത് സാധാരണ ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ മനസിലാകും. ഒരു സമൂഹം വളരെ ആദരവോടെ കാണുന്ന മഹത് വ്യക്തിത്വത്തിന്‍റെ ചിത്രം വച്ച് അതിന്‍റെ മുന്നില്‍ മാംസാഹാരം വെയ്ക്കുന്നത് പാടില്ലാ എന്ന് കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. ചില അബദ്ധങ്ങള്‍ക്ക് മനുഷ്യന്‍റെ ജീവനോളം വിലയുണ്ടാകും' എന്നാണ് അദ്ദേഹം പറയുന്നത്.
ഇതൊക്കെ കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതാണെന്നും പല രൂപത്തിലാണ് ഈ സംഭവങ്ങളെ ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ഹൈന്ദവ സഹോദരന്മാര്‍ക്ക് പോലും വേദനയുണ്ടാക്കുന്ന കാര്യമാണിത്. അവരുടെ മനസില്‍ പോലും വെറുപ്പം വിദ്വേഷവും ഉണ്ടാക്കുന്ന പണിയാണ്. സാധാരണക്കാരായ മുസ്‍ലിങ്ങളെ പോലും പ്രതിപട്ടികയില്‍ ചേര്‍ക്കുമെന്നും അന്‍സാരി സുഹ്‍രി പറഞ്ഞു.
അതേസമയം, വിഷയത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എവിടെ നിന്ദ വന്നാലും പ്രതികരിക്കണമെന്നും അതാണ് നീതിപൂര്‍വമാവുകയെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര പുന്നാട് കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ നിന്നും 30 ലിറ്റര്‍ മദ്യം പിടിച്ച സംഭവം അദ്ദേഹം സൂചിപ്പിച്ചു.
‘ആര് മതനിന്ദ നടത്തിയാലും പ്രതികരിക്കണം. ആദരവ് പൂര്‍വം കാണന്ന സ്ഥലത്ത് മദ്യകുപ്പി നിരത്തിവച്ച സംഭവത്തില്‍ പ്രശ്നമുണ്ടായില്ല. അയാളുടെ വസ്ത്രവും രൂപവും മതവും നോക്കിയാണ് അയവ് വരുത്തുന്നതും തീവ്രത വരുത്തുന്നത്. എവിടെ നിന്ദ വന്നാലും പ്രതികരിക്കണം അതാണ് നീതിപൂര്‍വമാവുക’, അന്‍സാരി സുഹ്‍രി പറഞ്ഞു.
വിഷു ആശംസ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.