വരും ദിവസങ്ങളിൽ താപനില 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഇന്ന് മിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ താപനില 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിലാണ് വ്യാജ പ്രചരണമെന്നും ഇത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഔദ്യോഗിക മുന്നറിയിപ്പ് എന്ന തരത്തിൽ സാമൂഹ്യമാധ്യങ്ങളിലും വാട്ട്സ് ആപ്പ് സന്ദേശമയുമാണ് ഈ പ്രചാരണം നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ല. ഇത്തരം സന്ദേശങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും കാലാവസ്ഥ അറിയിപ്പ് സംബന്ധിച്ച വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം 1070, 1077, 1079 എന്നീ ടോൾ ഫ്രീ നംബറുകളിലൂടെ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർഥിക്കുന്നു. ജാഗ്രത തുടരാം, സുരക്ഷിതരായിരിക്കാം.
സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നതിനാൽ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. വരും ദിവസങ്ങളിൽ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളിൽ 36°C മുതൽ 37°C വരെയും താപനില ഉയരാനാണ് സാധ്യത. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണം.
അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. ശരീരം പൂർണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബൈക്ക് യാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, പുറം ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കുക'. – മുഖ്യമന്ത്രി വ്യക്തമാക്കി.