ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ. തൻ്റെ തണലിൽ വളർന്ന പെൺകുട്ടിയുടെ വിവാഹത്തിനാണ് വൈദികൻ വിവാഹവേദിയിൽ വച്ച് തന്നെ വധുവിൻ്റെ കൈ പിടിച്ച് വരനെ ഏല്പിച്ചത്. ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയായ ഫാദർ റോയി മാത്യു വടക്കേലാണ് വൈദികൻ.
മുണ്ടക്കയം വണ്ടൻപതാൽ ബത് ലഹേം ആശ്രമത്തിൽ ഒരു വയസുള്ളപ്പോഴാണ് വധുവായ പാർവതി എത്തുന്നത്. അന്ന് മുതൽ പിതാവിൻ്റെ സ്ഥാനത്തായിരുന്നു അവൾക്ക് ഫാദർ റോയി മാത്യു വടക്കേൽ. ശ്രീക്കുട്ടി എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. വിവാഹ പ്രായമെത്തിയപ്പോൾ ഫാദർ റോയി മുൻകൈയെടുത്ത് വരനെയും കണ്ടെത്തുകയായിരുന്നു.
വണ്ടൻപതാൽ സെൻ്റ് പോൾസ് പളളിയുടെ പാരിഷ്ഹാളിൽ വച്ച് കട്ടപ്പന സ്വദേശിയായ അനന്തുവാണ് പാർവതിയുടെ കഴുത്തിൽ താലിചാർത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് കാർമികനടക്കമുണ്ടായിരുന്നു. പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏല്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് സന്തോഷത്തോടെ ഫാദർ റോയി ഏറ്റെടുത്തത്.