പുലര്‍ച്ചെ വീട്ടിലെത്തിലെത്തിയ വിദേശ പൗരനെ കണ്ട് ഞെട്ടി വീട്ടുകാര്‍. കൊല്ലം മയ്യനാടാണ് സംഭവം. ബ്രിട്ടീഷ് പൗരനായ ഹിറ്റ് പാട്രിക് ജോൺ ആണ് വഴിതെറ്റി മയ്യനാട്ട് വീട്ടിലെത്തിയത്. നഗരത്തിലെ ഹോട്ടലില്‍ താമസിച്ചിരുന്ന യുവാവ്, ഗൈഡിനൊപ്പം മദ്യപിച്ചിരുന്നു. ഗൈഡ് ബോധരഹിതനായതോടെ ഒറ്റയ്ക്ക് റൂമിലേക്ക് തിരിച്ച പാട്രിക്ക് പാതിരാത്രിയില്‍ വഴിതെറ്റിയാണ് വീട്ടിലെത്തിയത്.
കൊട്ടിയം സ്വദേശിയായ ഗൈഡിനൊപ്പമാണ് പാട്രിക് പുറത്തുപോയത്. ഇരുവരും കൊല്ലത്തെയും കൊട്ടിയും ബാറില്‍ കയറി മദ്യപിച്ചു. ഗൈഡിന് ലക്കുകെട്ടതോടെ പാട്രിക് സ്വന്തം താമസസ്ഥലത്തേക്ക് ഒറ്റയ്ക്ക് യാത്രതിരിച്ചു. അങ്ങനെയാണ് വഴിതെറ്റി മയ്യനാടാണ് എത്തിയത്.
നേരം വെളുക്കാറായ സമയത്താണ് കോടവിള പടിഞ്ഞാറ്റതിൽ വിഷ്ണുവിന്റെ വീടിന്റെ വാതിലിൽ പാട്രിക് ശക്തമായി മുട്ടിയത്. അസമയത്ത് വീട്ടിലെത്തിയ വിദേശ പൗരനെ കണ്ട വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് അയല്‍വാസികളെയും മെമ്പറെയും വിളിച്ചു. യുവാവിനോട് സംസാരിച്ചപ്പോഴാണ് നടന്ന സംഭവം വ്യക്തമായത്. രാത്രി മുഴുവന്‍ വഴിതെറ്റി നടന്നതാണെന്നും സഹായിക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. ഇതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
ഇരവിപുരം പോലീസ് സ്ഥലത്തെത്തി പാസ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ച് യുവാവ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഉറപ്പുവരുത്തി. പിന്നീട് പൊലീസ് ഇടപെട്ട് യുവാവിനെ കൊല്ലം നഗരത്തിലെ താമസ സ്ഥലത്ത് എത്തിക്കുകയും ചെയ്തു.