കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി അര്‍.എല്‍. നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അധ്യാപകരില്‍ നിന്ന് നിരന്തരം മാനസിക പീഡനങ്ങള്‍ അനുഭവിച്ചതായി നിതിന്‍ അയച്ച വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. തന്നെ അപമാനിച്ച് ഇല്ലാതെയാക്കിയെന്നും അമ്മയെയും കളിയാക്കി, അമ്മയുടെ അസുഖത്തെയും പരിഹസിച്ചുവെന്നും നിതിന്‍ പറയുന്നു. അധ്യാപകരിലൊരാള്‍ തന്നെ ഇഡിയറ്റ് എന്ന് വിളിച്ചുവെന്നും മൂന്ന് മാര്‍ക്ക് മനപ്പൂര്‍വം കുറച്ച ശേഷം അത് വീട്ടുകാര്‍ക്ക് സര്‍പ്രൈസായി ഇരിക്കട്ടെ എന്ന് പരിഹസിച്ചുവെന്നും നിതിന്‍ വേദനയോടെ പറയുന്നു. 

മറ്റ് അധ്യാപകര്‍ നോക്കി നില്‍ക്കെയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും നിതിന്‍ വെളിപ്പെടുത്തുന്നു. ഗേറ്റിന് പുറത്തിറങ്ങിയാല്‍ കയ്യും കാലും വെട്ടുമെന്നും കയ്യില്ലാതെ തുടര്‍ന്ന് ജീവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും നിതിന്‍ പറയുന്നു. അങ്ങനെയെങ്കില്‍ അതൊന്ന് കാണണമെന്ന് താന്‍  പറഞ്ഞുവെന്നും നിതിന്‍റെ ശബ്ദ സന്ദേശത്തിലുണ്ട്. ക്ലാസില്‍ അകാരണമായി എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നുവെന്നും ഓഡിയോയില്‍ വ്യക്തമാണ്. 

നിതിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ഇന്‍സള്‍ട്ട് ഒരു പരിധി വരെ ഞാന്‍ ക്ഷമിച്ചു. ഒരുപാട് ക്ഷമിച്ചു. നിങ്ങള് തന്നെ കണ്ടില്ലേ? ഞാനയയാള്‍ടെ ക്ലാസും ശ്രദ്ധിച്ച് അയാള്‍ പറയുന്ന കാര്യങ്ങളും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.  എന്നെ ചുമ്മാ എണീപ്പിച്ച് നിര്‍ത്തീട്ട്  അമ്മേനെയും കളിയാക്കി അമ്മേടെ സര്‍ജറിയേം കളിയാക്കിയിട്ട് അതിന് ശേഷം പറയുവാ, നിന്‍റെ മൂന്ന് മാര്‍ക്ക് കുറച്ചിട്ടുണ്ട്. പേരന്‍റ്സിന് പോയി സര്‍പ്രൈസായി കൊടുത്തേക്കാന്‍. സ്റ്റാഫ് റൂമില്‍ നിന്നിറങ്ങീട്ട് ഞാന്‍ കുറേ നടന്നിട്ടുണ്ട്. അതിന് ശേഷം കണ്ടപ്പോള്‍ യു ആര്‍ ആന്‍ ഇഡിയറ്റ് എന്ന് പറഞ്ഞു. സെയിം ടു യൂ എന്ന് ഞാനും പറഞ്ഞു.മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അവിടെക്കൊണ്ടിട്ട് എന്തൊക്കെയാ പറയുന്നേ എന്നറിയാമോ? എന്‍റെയടുത്ത് പറഞ്ഞു, നീ ഗേറ്റിന് പുറത്ത് ഇറങ്ങിയാല്‍ കൈയും കാലും െവട്ടും. നീ കയ്യില്ലാണ്ട് പിന്നെ ജീവിക്കേണ്ടി വരും എന്നൊക്കെ. ഞാന്‍ പറഞ്ഞ് സാറേ, അതൊന്ന് കാണണം എന്ന്. സംഗീത മാം എല്ലാം എന്നെത്തന്നെ നോക്കിയിരിക്കുകയാണ്ട്'.

കോളജിലെ മൂന്ന് അധ്യാപകര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് നിതിന്‍റെ കുടുംബം ഉയര്‍ത്തിയത്. നിറത്തിന്‍റെ പേരിലും ജാതിയുടെ പേരിലും പിതാവിന്‍റെ തൊഴിലിന്‍റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നു. പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്നും പരാതിപ്പെട്ടാല്‍ നിന്‍റെ ബോഡിയാകുമെന്നും വീട്ടിലെത്തുകയെന്നും ഭീഷണി മുഴക്കിയതായും ബന്ധുക്കളും വെളിപ്പെടുത്തുന്നു.

 അതേസമയം, നിതിനെ ജാതീയമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രിന്‍സിപ്പലായി താന്‍ ചാര്‍ജെടുത്തിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂവെന്നും മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചുവെന്നുമായിരുന്നു ഡെന്‍റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയുടെ പ്രതികരണം.

ENGLISH SUMMARY:

A first-year BDS student at Kannur Dental College, R.L. Nithin Raj, died by suicide after allegedly facing severe harassment from teachers. A voice note left by Nithin has surfaced, detailing how he was humiliated in front of his peers and staff. He claimed that teachers mocked his mother’s illness and intentionally reduced his internal marks as a cruel joke. The audio also reveals terrifying threats, where a teacher allegedly warned to cut off his limbs if he stepped outside the college gate. Nithin’s family has raised serious allegations of caste-based discrimination and verbal abuse regarding his father’s occupation. Local authorities are currently investigating the matter following the emergence of these disturbing recordings. This incident has sparked widespread outrage over the mental health and safety of students in professional colleges.